venjaramoodu-murder-case

പ്രതി റിമാൻഡിൽ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ പിടിയിലായ മുഖ്യപ്രതി മദപുരം വാഴവിള ചരുവിള വീട്ടിൽ ഉണ്ണിയെ (49) ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വള്ളിയറുപ്പാൻകാട് എസ്റ്റേറ്റിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. നാലു ദിവസമായി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കഴുത്തിലെ പാടും കൈയിലെ മുറിവും കണ്ട് ചോദിച്ചപ്പോഴാണ് ആത്മഹത്യാശ്രമത്തെക്കുറിച്ചു പറഞ്ഞത്. മരകൊമ്പിൽ തൂങ്ങിമരിക്കാൻ ശ്രമിക്കവേ ചില്ല ഒടിഞ്ഞ് നിലത്തുവീണ് പരിക്കേറ്റു.

മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതിയാണ് ഉണ്ണിയെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മറ്റു പ്രതികളും റിമാൻഡിൽ

പുല്ലമ്പാറ ഷജിത് മൻസിലിൽ ഷജിത് (27), റോഡരികത്ത് വീട്ടിൽ നജീബ് (41), ചരുവിള പുത്തൻ വീട്ടിൽ അജിത് (27), റോഡരികത്ത് വീട്ടിൽ സതിമോൻ (47), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിള വീട്ടിൽ സനൽ (32), തടത്തരികത്ത് വീട്ടിൽ പ്രീജ (30) എന്നിവരും റിമാൻഡിലായി. അൻസറാണ് ഇനി പിടിയിലാകാനുള്ള പ്രതി. രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിനാണ് പ്രീജയെ അറസ്റ്റ് ചെയ്തത്.സജീവ്, സനൽ, അൻസർ എന്നിവർക്കൊപ്പം ഉണ്ണിയും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാൻ സഹായിച്ചതിനാണ് മറ്റുള്ളവർ പ്രതികളായത്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായവരുടെ ഫോണിലേയ്ക്ക് വന്ന കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.