ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. പണികൾ വേഗത്തിലാക്കിയെന്ന് കരാർ കമ്പനിയായ യു.എൽ.സി.എസ് ദേശീയപാത അധികൃതരെ അറിയിച്ചു.ദേശീയപാതയിൽ അയണിമൂട് മേൽപ്പാലത്തിന്റെ പണികൾ പൂർത്തീകരിക്കാൻ 90 ദിവസം കടന്നപ്പോൾ പള്ളിച്ചൽ തോടിന് കുറുകെ മേൽപ്പാലത്തിന്റെ പണികൾ 25 ദിവസത്തിനുള്ളിൽ തന്നെ ഏകദേശം പൂർത്തിയായി, തറഭാഗം കോൺക്രീറ്റും സൈഡ് വാൾ നിർമ്മിക്കുന്നതിന്റെ ജോലികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചു. ടാറിംഗിന് മുന്നോടിയായി മുകൾ ഭാഗത്തെ സ്ലാബ് കോൺക്രീറ്റ് ജോലികൾ ഉടൻ തുടങ്ങും. ഇത് കഴിഞ്ഞാലുടൻ ടാറിംഗ് ജോലികളും നടക്കും. നെയ്യാർ ഇറിഗേഷൻ കനാലിൽ നിന്നും വെള്ളം തടയണകെട്ടി നിറുത്താൻ സാധിക്കാത്തതാണ് അയണിമൂട് പാലത്തിന്റെ നിർമ്മാണജോലികൾ മൂന്ന് മാസത്തോളം നീണ്ടത്. പാറപൊട്ടിക്കലും കൂടിയായതോടെ ഒരു മാസം വീണ്ടും ടാറിംഗ് ജോലികൾ വൈകി. എന്നാൽ മഴ അനുകൂലമായി നിന്നതും കരാർ കമ്പനിയായ യു.എൽ.സി.എസ് പണികൾ ദ്രുതഗതിയിൽ ആക്കിയതും പള്ളിച്ചൽ തോടിന്റെ നിർമ്മാണം മറ്റ് തടസങ്ങളില്ലാതെ മുന്നോട്ടുപോയി. പ്രാവച്ചമ്പലം രാജപാതയിൽ ടാറിംഗിന് മുൻപ് മുന്നൂറ് മീറ്റർ ഭാഗം മണ്ണിട്ട് ഉയർത്തി തറയുറപ്പ് വരുത്തുന്നതിന്റെ ജോലികളും പൂർത്തിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ഭാഗവും ടാറിംഗ് ചെയ്യും.
പള്ളിച്ചൽ തോടിന്റെയും രാജപാതയുടെയും പണികൾ മാത്രമാണ് ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള ഭാഗമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെ മീഡിയനുകൾ സ്ഥാപിച്ചു. വെടിവെച്ചാൻകോവിൽ മുതൽ പ്രാവച്ചമ്പലം തുടർ മീഡിയനുകൾ സ്ഥാപിക്കുന്ന ജോലികളും ഉടൻ പൂർത്തിയാവും. സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന ജോലികൾ കെൽട്രോണാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാതയിൽ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം ഒരുക്കുന്നതിന്റെ ജോലികളും പൂർത്തിയായിട്ടുണ്ട്. തിരക്കൊഴിയുന്ന സമയങ്ങളിൽ സിഗ്നൽ സംവിധാനം ഒരുക്കുന്നതിന്റെ ജോലികളും തുടങ്ങും.