കല്ലമ്പലം: നിർമ്മാണം പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ റോഡിലെ ടാറിംഗ് തകർന്നതിൽ പ്രതിഷേധം ശക്തം. കരവാരം ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമുക്ക് രണ്ടാം വാർഡിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇടവൂർകോണം - കാഞ്ഞിരംവിള - കന്യാരുവിള തോട്ടത്ത് വാതുക്കൽ പാവല്ല പള്ളി റോഡാണ് തകർന്നത്. നിർമ്മാണത്തിലെ അപാകതയാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡിന്റെ കാഞ്ഞിരംവിള ഭാഗത്ത് നെൽവയൽ നികത്തി നിർമാണം നടത്തിയ ഭാഗമാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഒലിച്ചുപോയത്. റോഡിലൂടെ ഒഴുകിയ വെള്ളത്തിൽ സമീപത്തെ കൃഷിയും നശിച്ചു.
അപാകതകൾ തുടക്കത്തിലേ...
നിർമാണം നടക്കുന്ന ഘട്ടത്തിൽ തന്നെ ഭിത്തികളുടെ ഉയരക്കുറവ് ചൂണ്ടിക്കാണ്ടി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം അധികൃതർക്ക് നൽകിയിരുന്നു.കൂടാതെ വിഷയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് അംഗത്തിന്റെയും കരാറുകാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കോൺഗ്രസ് സമരത്തിലേക്ക്
ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണത്തിൽ വൻ സാമ്പത്തിക അഴിമതി ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്രി ആരോപിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ ഇടപെടണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.