sec

തിരുവനന്തപുരം: സെക്രട്ടേറിയ​റ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന്റെ പരിശോധനാ റിപ്പോർട്ട് വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫോറൻസിക് സയൻസ് ലാബിന് കത്ത് നൽകി. ഇത് ലഭിച്ചാലുടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സെക്രട്ടേറിയ​റ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ കുറച്ചു ഫയലുകൾ മാത്രമേ കത്തി നശിച്ചുള്ളൂവെന്നാണ് പൊലീസ് കണ്ടെത്തൽ. കത്തിയ ഫയലുകളിൽ ഭൂരിഭാഗവും ഭാഗികമായി മാത്രമാണ് നശിച്ചത്. തീയണയ്ക്കാൻ വെള്ളം ഉപയോഗിച്ചപ്പോൾ ഏതാനും പേപ്പറുകളും നശിച്ചു. അവ സ്‌കാൻ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 2018 മുതലുളള സർക്കാർ വിജ്ഞാപനങ്ങളും ഗസ്​റ്റ് ഹൗസുകളിലെ മുറി ബുക്കിംഗിന്റെ രേഖകളുമാണ് കത്തി നശിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ ഫോറൻസിക് പരിശോധനാ ഫലം കൂടി ആവശ്യമാണ്. ഇതിനായാണ് പരിശോധനാ റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നത്.
എഡിജിപി മനോജ് എബ്റഹാം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഫയലുകളുടെ പരിശോധനയ്ക്കും മ​റ്റുമായി സെക്രട്ടേറിയ​റ്റ് പൊതുഭരണ വകുപ്പിൽ നിന്ന് പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനൽകി. പതിനായിരത്തോളം പേപ്പറുകൾ ഭാഗികമായി കത്തിയിട്ടുണ്ടെന്നാണ് സൂചന.