pipe

കാട്ടാക്കട: മുപ്പതിനായിരം രൂപ നോക്കുകൂലി നൽകിയില്ലെന്ന കാരണത്താൽ തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ എത്തിച്ച പൈപ്പുകൾ ഇറക്കാൻ അനുവദിച്ചില്ല. കുറ്റിച്ചൽ കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ വെള്ളിയാഴ്ച എത്തിച്ച കുറ്റൻ പൈപ്പുകൾ ഇറക്കുന്നതിനാണ് തൊഴിലാളി സംഘടനകൾ നോക്കു കൂലി ആവശ്യപ്പെട്ടത്. പണിയെടുത്ത കരാറുകാരൻ 25,000രൂപ വരെ നൽകാൻ തയ്യാറായെങ്കിലും മുപ്പതിനായിരം രൂപ കിട്ടാതെ പൈപ്പുകൾ ഇറക്കാനാവില്ലെന്ന് തൊഴിലാളികൾ വാശിപിടിച്ചതോടെ പൈപ്പ് ഇറക്കുന്നത് തടസപ്പെട്ടു. സമയം കഴിഞ്ഞിട്ടും തർക്കം പരിഹരിക്കാതായതോടെ ക്രെയിൻ ഉടമയ്ക്ക് 7500രൂപ വാടക നൽകി തിരികെ വിടേണ്ടിവന്നു. കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിഫ്ബി വഴി 108 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണ സ്ഥലത്തേക്കെത്തിച്ച പൈപ്പുകൾ ഇറക്കുന്നതിനാണ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. 2008 ലാണ് ആന പുനരധിവാസ കേന്ദ്രം കാപ്പുകാട്ട് ആരംഭിച്ചത്. കാട്ടിൽ കൂട്ടം തെറ്റി കിട്ടുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇവിടുള്ളത്
മനുഷ്യർക്കും ആനകൾക്കും മേഖല തിരിച്ചാണ് കേന്ദ്രം സജ്ജമാകുന്നത്.