തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയാവും നടത്തുക. എല്ലാ ബൂത്തുകളിലും പരമാവധി 1000 വോട്ടർമാരെ മാത്രമേ ഉൾപ്പെടുത്തൂ. 1500വോട്ടർമാർ വരെയുള്ള വലിയ ബൂത്തുകളിലാവും ഈ ക്രമീകരണം. ഇതിന്റെ ഭാഗമായി കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. പോളിംഗ് സമയവും ഒരു മണിക്കൂറെങ്കിലും കൂട്ടും. വോട്ടർമാർക്കൊപ്പം സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് സ്ക്വാഡുകൾക്കും തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്കുമെല്ലാം നിയന്ത്രണങ്ങളുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ വഴി നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.. 65 വയസ്സ് പിന്നിട്ടവർക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടിന് സൗകര്യമൊരുക്കും. പോളിംഗ് ബൂത്തിലെത്തുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേക ക്യൂ ഏർപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും. സാമൂഹ്യഅകലം വോട്ടർമാർക്ക് ഉറപ്പാക്കും. നിശ്ചിത എണ്ണം വോട്ടർമാരെയേ ഒരു സമയം പ്രവേശിപ്പിക്കൂ. മാസ്കിന് പുറമേ, വോട്ടർമാർക്ക് കൈയുറകളും ആലോചിക്കുന്നു.പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം ബുത്തുകളിലിരിക്കുന്ന ഇൻ ഏജന്റുമാർക്കും സാമൂഹ്യ അകലം ഉറപ്പാക്കിയാവും ഇരിപ്പിടം. പ്രചരണത്തിനിറങ്ങുന്ന സ്ക്വാഡുകളിൽ അഞ്ച് പേരിൽ കൂടരുത്.