പാറശാല: പിണറായി സർക്കാരിന്റെയും പി.എസ്.സിയുടെയും ഉദ്യോഗാർത്ഥി നിയമന വഞ്ചനയ്ക്കെതിരെ രക്തസാക്ഷിയായ കാരക്കോണം സ്വദേശി അനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പാറശാല മേഖല കമ്മിറ്റി പ്രവർത്തകർ ഉപവാസ സമരം നടത്തി.പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ഉപവാസ സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി.നായർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു. നെടിയാംകോട് അജേഷ്, മണവാരി രതീഷ്, പ്രവീൺ, നീല, സുരേഷ്, നാഗരാജൻ, ശ്രീജേഷ്, രതീഷ് കൃഷ്ണ, സന്തോഷ്, ശ്രീജു തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ അഡ്വ. മഞ്ചവിളാകം പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ സമരക്കാർക്ക് നാരങ്ങാനീര് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.