ramachandran-

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി പ്രവർത്തിക്കുമ്പോൾ ,മയക്കുമരുന്നു ലോബിയുടെ വേരുകൾ എ.കെ.ജി സെന്ററിനെ ചുറ്റിപ്പറ്റിയാണ് വളരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജവഹർ ബാൽ മഞ്ചിന്റെ ദേശീയ മെമ്പർഷിപ്പ് ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ഓഫീസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് കാമ്പസുകളും ഹൈസ്കൂളുകളും മയക്കുമരുന്ന് സംഘങ്ങളുടെ സ്വാധീനത്തിലാണ്. കൗമാര കുറ്റവാളികളെ വളർത്തിയെടുക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ മാറി. ഇവർക്ക് സംരക്ഷണം നൽകുന്നത് സി.പി.എം നേതൃത്വമാണെന്നത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഉന്നത സി.പി.എം നേതാവിന്റെ മകന് മയക്കുമരുന്നു ശൃംഖലയുമായുള്ള ബന്ധം. സി.പി.എം ഉന്നതർ ഉൾപ്പെട്ട മയക്കുമരുന്നു കേസ് എൻ.ഐ.എ അന്വേഷിക്കണം. അന്താരാഷ്ട്രമാനങ്ങളുള്ള കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എയെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് ആരോ വിഘാതം സൃഷ്ടിക്കുന്നുണ്ട്. അതാണ് അന്വേഷണത്തിലും തെളിവുകൾ ശേഖരിക്കുന്നതിലും എൻ.ഐ.എ വരുത്തുന്ന കാലവിളബമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയിൽ നിന്ന് ശിവപ്രിയയും അദ്വൈതും അംഗത്വം ഏറ്റുവാങ്ങി. ബാൽ മഞ്ച് ദേശീയ പ്രോജക്ട് ഡയറക്ടർ ഡോ.ജി.വി.ഹരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.മുരളീധരൻ എം.പി., ജോസഫ് വാഴയ്ക്കൻ , പാലോട് രവി, രമ്യാ ഹരിദാസ് എം.പി, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സംബന്ധിച്ചു.