123

തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടാ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 11 പേരെ പൊലീസ് അറസ്റ്റുചെയ്‌തു. ഗുണ്ടാ നിയമപ്രകാരം മുമ്പ് കേസെടുത്തിട്ടുള്ള പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ചും കഴിഞ്ഞ ദിവസം കരിമഠം കോളനിയിലെയും ശ്രീകാര്യത്തെയും സംഭവങ്ങളിൽ ഉൾപ്പെട്ട പ്രതികളെയും കണ്ടെത്തുന്നതിനാണ് സിറ്റി പൊലീസ് റെയ്ഡ് നടത്തിയത്. കേശവദാസപുരം മോസ്‌ക് ലെയ്‌നിൽ നാടൻ ബോംബ് പൊട്ടിയ സംഭവത്തിൽ രക്ഷപ്പെട്ട ഉള്ളൂർ പാറോട്ടുകോണം ലക്ഷംവീട് കോളനിയിൽ അവശു രതീഷ് എന്ന രതീഷിനെ (35) ഇന്നലെ പിടികൂടി. ശാന്തിപുരം കല്ലകോട് വീട്ടിൽ ശബരി എന്ന സ്റ്റീഫനെ (29) ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തിരുന്നു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പനങ്ങ രാജേഷിന്റെ പാറോട്ടുകോണത്തെ വീട്ടിൽ നിന്ന് നാടൻ ബോംബ് കണ്ടെടുത്തു. കഴിഞ്ഞ 29നു മണ്ണന്തല സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. പൊലീസ് എത്തുമ്പോൾ ഇയാൾ വീട്ടിലില്ലായിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി. കരിമഠം കോളനിയിൽ പൊലീസിനെ ആക്രമിക്കുകയും ബോംബെറിയുകയും ചെയ്‌ത കേസിലെ പ്രതികളായ കരിമഠം കോളനി സ്വദേശികളായ അൻഷാദ് (27), ദിൽഷാദ് (23), മനോജ് (29), അനോജ് (28), സജി (25), അക്ബർ (18), നിഷാന്ത് (30), ബിജുലുദീൻ ( 24), സെയ്‌താലി (21), എന്നിവരെ ഫോർട്ട് പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തു. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെ സി.എഫ്.എൽ.ടി.സിയിലേക്കും മറ്റു പ്രതികളെ റിമാൻഡ് ചെയ്‌ത് ക്വാറന്റൈൻ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം തടയാൻ ശക്തമായ നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.