ശ്രീകാര്യം: ഗുണ്ടകൾ തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഒരാളിന് വെട്ടേറ്റ സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു. സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങളടക്കം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഗുണ്ടാസംഘാംഗം ശരത് ലാലിന്റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് 6.30നാണ് ശ്രീകാര്യം ചേന്തിയിൽ ഒരുമിച്ച് ബൈക്കിലെത്തിയ ഗുണ്ടകളിലൊരാൾ മറ്റൊരാളെ വെട്ടിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനെയാണ് കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ദീപു വെട്ടിയത്. ഇക്കഴിഞ്ഞ 2ന് ദീപു കല്ലമ്പള്ളി സ്വദേശിയായ രാജീവിന്റെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിനെ തുടർന്നായിരുന്നു അക്രമം. ഇതേ തുടർന്ന് ശ്രീകാര്യം പൊലീസ് ദീപുവിനെതിരെ കേസെടുത്തിരുന്നു. ഇതിൽ പ്രകോപിതനായ ദീപു, കൂട്ടാളി ശരത് ലാലിനെയും കൂട്ടി മാരകായുധങ്ങളുമായി രാജീവിനെ ആക്രമിക്കാൻ ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചേന്തി ഭാഗത്ത് എത്തിയപ്പോൾ തീരുമാനത്തിൽ നിന്ന് ശരത് ലാൽ പിന്മാറി. തുടർന്നുള്ള വാക്കുതർക്കത്തിന് ശേഷം ശരത് ലാൽ ബൈക്കിൽ നിന്ന് ഇറങ്ങി തിരികെ പോകുന്നതിനിടെ ദീപു ബാഗിൽ കരുതിയിരുന്ന ആയുധമെടുത്ത് ശരത്തിനെ വെട്ടുകയായിരുന്നു. കൈക്ക് ഗുരുതരമായി വെട്ടേറ്റ ശരത് സമീപത്തെ കൗൺസിലറുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരത് ലാലിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.