പാറശാല: സാധാരണ നാട്ടിൻ പുറത്തെ സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത അഗസ്ത്യ മലയുടെ താഴ്വാരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് അക്ഷരം പകർന്നു നൽകി ഒരു ടീച്ചറമ്മ. കഴിഞ്ഞ 22 വർഷമായി കടവ് കടന്ന് കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് അദ്ധ്യാപനം നടത്തുകയാണ് ഉഷ ടീച്ചർ. അമ്പൂരി പഞ്ചായത്തിലെ കുന്നത്ത്മല അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിലെ കുട്ടികളുടെ അമ്മയും അദ്ധ്യാപികയുമായ ഉഷടീച്ചർ ആദിവാസി ഊരിലെ വഴികാട്ടി കൂടിയാണ്. രണ്ടു പതിറ്റാണ്ടത്തെ അദ്ധ്യാപനത്തിലൂടെ നാടിന്റെ ടീച്ചറമ്മയായി മാറുകയായിരുന്നു ഉഷ.
1985 - 86 കാലഘട്ടത്തിലാണ് ഉഷ ടീച്ചർ പി.എൻ.പണിക്കരോടൊപ്പം വായോജന വിദ്യാഭ്യാസത്തിലും സാക്ഷരത പ്രവർത്തനത്തിലും സജീവ സാന്നിധ്യമാകുന്നത്. 1998ൽ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ഏകാദ്ധ്യാപക വിദ്യാലയത്തിൽ നിയമനം ലഭിച്ചു. കുറ്റിച്ചൽ പഞ്ചായത്തിലെ മാങ്കോട് ആദിവാസി സെറ്റിൽ മെന്റിലായിരുന്നു നിയമനം. 2002 ൽ സ്വന്തം പഞ്ചായത്തായ അമ്പൂരിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ആദ്യകാലത്ത് വിവിധ പ്രായത്തിലുള്ള 5 കുട്ടികളാണ് പഠിക്കാൻ എത്തിയത്. ഓരോ സെറ്റിൽമെന്റിലെയും വീടുകളിൽ ഉഷടീച്ചർ എത്തി. സ്‌കൂൾ പ്രായം കഴിഞ്ഞിട്ടും പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തി. വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കുടുംബയോഗങ്ങളും അമ്മമാരുടെ കൂട്ടായ്മകളും സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബോധവത്കരണങ്ങളും സംഘടിപ്പിച്ചു. ആരുടെ ഭാഗത്തു നിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് ടീച്ചർ പറയുന്നു. പത്താം ക്ളാസ് കടക്കാതിരുന്ന സെറ്റിൽമെന്റിൽ ഇന്ന് ടി.ടി.സി, ഡിഗ്രി, ഐ.ടി.ഐ വിദ്യാഭ്യാസമുള്ളവരെ വാർത്തെടുക്കാനും ടീച്ചറുടെ പ്രവർത്തനം വഴിയൊരുക്കി. നെഹ്റു യുവകേന്ദ്ര പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.
ഈ കൊവിഡ് കാലത്തും സ്‌കൂൾ ലൈബ്രറിയിൽ സന്നദ്ധ സംഘടനയുടെ സഹായത്തോടെ സ്ഥാപിച്ച ടിവിയിലൂടെയുള്ള ഓൺലൈൻ ക്ലാസ് നടത്തുന്നു. ടി.ടി.സി പാസായി അദ്ധ്യാപകജോലി കാത്തിരിക്കുന്ന മകൻ മോനിഷ് മോഹൻ, ഫോട്ടോ ഗ്രാഫി പഠിച്ചു ഫോട്ടോഗ്രാഫർ ആയ മകൾ രേഷ്മ മോഹൻ, ഭർത്താവ് മോഹനൻ എന്നിവരും ഉഷടീച്ചറിന് പിന്തുണയുമായി ഒപ്പമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പും പട്ടിക വർഗ്ഗ വികസന വകുപ്പും വനം വകുപ്പുമെല്ലാം കുട്ടികളെ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്കും ഒപ്പം ടീച്ചറിനും ആത്മവിശ്വാസം വർധിച്ചു. രാവിലെ 7മണിക്ക് വീട്ടിൽ നിന്നും സ്കൂളിലേക്ക് തിരിക്കും. കുമ്പിച്ചൽ കടവിൽ ഇരുചക്ര വാഹനം ഒതുക്കി വച്ച് കടത്തു വള്ളത്തിൽ കരിപ്പയാർ കടന്ന് അക്കരയ്ക്ക്. നദിക്കരയിലൂടെ ഒന്നര കിലോമീറ്റർ നടത്തം പൂർത്തിയാകുമ്പോൾ കാട്ടു പാതയായി. വളഞ്ഞു പുളഞ്ഞു ചെങ്കുത്തായ കയറ്റത്തിലൂടെ 3 കിലോമീറ്ററോളം നടന്നാൽ സ്കൂളിൽ എത്താം. ഇടയ്ക്ക് കുട്ടികളും കൂടെ കൂടും. വഴിയിൽ ചിലപ്പോൾ ടീച്ചറിനെ കൂട്ടി കൊണ്ടു പോകാൻ സ്‌കൂളിന്റെ കാവൽക്കാരായ കാരിമനും വെളുമ്പനും കാണും. ആന ഒഴികെയുള്ള കാട്ടുജീവികളും ഇഴജന്തുക്കളും വഴിയരികിൽ കൂട്ടുണ്ടാകും. പാറക്കൂട്ടങ്ങളാണ് ആനയില്ലാതത്തതിന് കാരണം. പല പ്രാവശ്യം വീണ് പരിക്ക് പറ്റിയിട്ടും വടിയും പിടിച്ച് കാലങ്ങളായി കാടിനെ തോൽപിച്ച് ടീച്ചർ മലകയറ്റം തുടരുന്നു.