കല്ലമ്പലം: പള്ളിക്കൽ പി.എച്ച്.സി യെ സി.എച്ച്.സിയായി ഉയർത്തിയിട്ടും മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നാക്ഷേപം.മൂന്നു ഡോക്ടർമാരുണ്ടായിരുന്ന സി.എച്ച്.സിയിൽ നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. 250 രോഗികളെങ്കിലും നിത്യവും വന്നുപോകുന്ന ആശുപത്രിയിൽ ചികിത്സയ്ക്കായി രാവിലെ മുതൽ വൈകിട്ടുവരെ കാത്തിരിപ്പുനീളുന്നതായി പരാതി. ചിലർ ചികിത്സ ലഭിക്കാതെ പിറ്റേന്ന് വരേണ്ട സ്ഥിതിയുമുണ്ട്. പ്രശ്നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം പലപ്പോഴും ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല.യു.ഡി.എഫ് ഭരണകാലത്താണ് സി.എച്ച്.സിയാക്കി ആശുപത്രിയെ ഉയർത്തിയത്. തുടർന്ന് മൂന്നു ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി.പള്ളിക്കൽ കൂടാതെ സമീപ പഞ്ചായത്ത് നിവാസികളും ആശുപത്രിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. സി.എച്ച്.സിയിലുണ്ടായിരുന്ന മൂന്നു ഡോക്ടർമാരിൽ ഒരു ഡോക്ടർ ഹയർ സ്റ്റഡീസിനായി ലീവെടുത്തിരിക്കുകയാണെന്നും മറ്റു രണ്ടു ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫുകളും കൊവിഡ് സംബന്ധമായി ജോലിക്ക് നിയമിതരാകേണ്ടിവരുമ്പോൾ സി.എച്ച്.സിയിൽ ജീവനക്കാരുടെ എണ്ണം കുറയുമെന്നും,എങ്കിലും പരമാവധി ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കാറുണ്ടെന്നും മരുന്ന് വിതരണത്തിൽ തടസങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ ഡി.ജയറാംദാസ് അറിയിച്ചു.രോഗികളുടെ മരുന്ന് വിതരണവും ഡോക്ടറുടെ സേവനവും അടിയന്തരമായി പുനക്രമീകരിച്ചില്ലെങ്കിൽ പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എസ്.നിസാം അറിയിച്ചു.