മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിൽ വഴിയാത്രയ്ക്ക് പോലും ഭീഷണിയായി തെരുവ് നായ് ശല്യം വർദ്ധിക്കുന്നു. മലയിൻകീഴ് വില്ലേജ് ഓഫീസ് വരാന്തയും പരിസരപ്രദേശങ്ങളും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് റോഡിലൂടെ സഞ്ചരിക്കവേ ബൈജു ഭവനിൽ നാരായണൻ നായരെ (68) തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ എന്നീ പഞ്ചായത്തുകളിൽ തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി കൂടിയതായി നാട്ടുകാർ പറയുന്നു. ഇവ അടഞ്ഞ് കിടക്കുന്ന കടകൾക്ക് മുന്നിലും റോഡിലുമായി വാസം ഉറപ്പിച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ഇവ ചാടിവീഴുന്നതും ഇവിടെ പതിവ് സംഭവമാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഹോട്ടലുകളും, പൊതുമാർക്കറ്രുകളും പൂട്ടിയതോടെ തെരുവ് നായ്ക്കൾക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് ഇവ കൂടുതൽ അപകടകാരിയാകാൻ കാരണം. മലയിൻകീഴ് - ശാന്തുമൂല ശ്രീനാരായണ ലൈൻ, ശാന്തിനഗർ, മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ, മലയിൻകീഴ് - ഊരുട്ടംമ്പലം റോഡ്, പാപ്പനംകോട് റോഡ് ,പാലോട്ടുവിള, മലയിൻകീഴ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിന് മുൻവശം, പൊതുമാർക്കറ്റ്, ശ്രീചട്ടമ്പി സ്വാമി സ്മാരകം തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളെ കൊണ്ട് ജനങ്ങൾക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. നായ്ശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.മലയിൻകീഴ് ശാന്തി നഗറിൽ തൊഴിൽ നഷ്ടപ്പെട്ട ഒരു കൂട്ടം യുവാക്കൾ സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ആരംഭിച്ച പച്ചക്കറി കൃഷി തെരുവ് നായ്ക്കൾ നശിപ്പിച്ചിരുന്നു. നിരവധി പേർ നായ്ക്കളുടെ കടിയേറ്റ് നിത്യേന ചികിത്സതേടി സർക്കാർ ആശുപത്രികളിൽ എത്തുന്നുണ്ട്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്ന നായ ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.