neelamma

തിരുവനന്തപുരം: നീലമ്മയ്ക്ക് പൃഥ്വിരാജിനെ അറിയുമോ? ''ഇല്ല'' ബിജു മേനോനെയോ? ''ഇല്ല'' എന്നാൽ പിന്നെ ന‌ഞ്ചിഅമ്മയെയോ? ''എനിക്കാരേം അറീല്ല''. നീലമ്മ തിയേറ്ററിലൊന്നും പോയിട്ടില്ല. സിനിമ കാണാറുമില്ല. പക്ഷേ, "അയ്യപ്പനും കോശിയും" സിനിമയിൽ അട്ടപ്പാടി ഗുളിക്കടവ് നക്കുപ്പതി ഊരിലെ ന‌ഞ്ചിഅമ്മ പാടും പോലെ ഇങ്ങ് തെക്ക് പേപ്പാറ പൊടിയകാല ഊരിലെ നീലമ്മയും പാടും. ഹൃദ്യമായി. കാടിന്റെ പാട്ട്. നീലമ്മ (63) പാടുന്നത് തലമുറകളായി കൈമാറിക്കിട്ടിയ പാട്ടാണ്. കാണി സമുദായക്കാരുടെ സ്വന്തം പാട്ട്.

പൊടിയകാല ഊരിൽ വച്ച് യാദൃശ്ചികമായാണ് നീലമ്മയെ കാണുന്നത്. കാട്ടിൽ നിന്നുള്ള വിറകു കെട്ടുമായി പാട്ടുംപാടി വരികയാണ്. കാമറയ്ക്കു മുന്നിൽ പാടാൻ നീലമ്മയ്ക്ക് മടി.

''തേരിയും കേറി നടന്ന് ഊപ്പാടു വന്നു, പാടാൻ വയ്യ...''. ഒഴിഞ്ഞു മാറാനുള്ള ശ്രമം. കൂടെയുള്ളവർ പാടാൻ നിർബന്ധിച്ചപ്പോൾ അര മനസ്സായി.

''എല്ലാറ്റിനും പാട് തന്നെ. നടക്കാനും, കടയിൽ പോകാനും...'' പറഞ്ഞു നിറുത്തിയ ശേഷം കണ്ണടച്ച് ഒരുമാത്ര മൗനം. പിന്നെ കണ്ണുകൾ വിടർന്നു. നീട്ടിപ്പാടി.

''ഒന്നാം പൂമല തോട്ടത്തിലേ...

പൂവ പറിക്കതും പെമ്പിളമാർ

പൂവ പറിച്ചതും പൂവ് പണിഞ്ഞതും

പൂമാലക്കാരി ചീതമ്മാ...

അച്ചീപങ്ക ചീതമ്മ അമ്മിണി പങ്ക ചീതമ്മ

രണ്ടാം പൂമല തോട്ടത്തിലെ...

സ്വന്തം ഊര് പേപ്പാറയിലെ ആനക്കയത്തുമൂലയായിരുന്നു. അവിടെ ഡാം നിർമ്മിച്ചപ്പോൾ സർക്കാരാണ് ഇങ്ങോട്ടു മാറ്റിയത്. ആനക്കയത്തുമൂല ഊരിൽ പാട്ടുപാടി കളിക്കുന്ന സ്ഥലത്തിന് പാട്ടപ്പുരയെന്നാണ് പറഞ്ഞിരുന്നത്.

''അവിടെ പൊണ്ണ (വലിയത്)​ പാട്ടുപ്പുരയുണ്ട്. ഈറ ഇല കൊണ്ടുണ്ടാക്കിയത്. മൂട്ടു കാണിയുണ്ടാകും (മൂപ്പൻ) അവിടെ. ഹരിശ്ചന്ദ്രൻ നാടകമാണ് പാടി കളിക്കണത്. എന്റെ അമ്മയാണ് പാടി കേൾപ്പിച്ചു കൊടുക്കുന്നത്. നമ്മൾ ഏറ്റുപാടും കളിക്കും... നീലമ്മ പോയകാലം ഓർത്തു.

പൊടിയകാലയിലേക്ക് ഊരിനെ പറിച്ചു നട്ടപ്പോൾ പാട്ടുപ്പുര പോയി. പക്ഷേ, നീലമ്മയുടെ പാട്ട് മാത്രം ബാക്കിയായി. കാട്ടിൽ വേല ചെയ്യുമ്പോഴും ഒരുമിച്ചു കൂടുമ്പോഴും നീലമ്മ പാടും.

''ഇപ്പോഴത്തെ പിള്ളേർക്ക് പഴയ പാട്ടുകൾ പാടാൻ മടിയാണ്. ഞാൻ മരിക്കും വരെ ഊരിൽ പാടും''- നീലമ്മ പറഞ്ഞു.

ഒറ്റയാന്റെ ആക്രമണത്തിൽ വർഷങ്ങൾക്കു മുമ്പ് നീലമ്മയുടെ ഭർത്താവ് സുകുമാരൻ കാണിയുടെ ജീവൻ നഷ്ടപ്പെട്ടതാണ്. എട്ടു മക്കളുണ്ട്.