വിതുര: വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. പൊന്മുടി അപ്പർ സാനിറ്റോറിയത്തിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്നുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആവശ്യം ഉന്നയിച്ച് നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. നിരവധി തവണ നിവേദനങ്ങളും നൽകിയിരുന്നു. നിലവിലുള്ള പൊലീസ് സ്റ്റേഷൻ പരിമിതികൾക്കും, പരാധീനതകൾക്കും നടുവിലാണ് പ്രവർത്തിക്കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള രണ്ട് ചെറിയ റൂമുകളിലാണ് വർഷങ്ങളായി സ്റ്റേഷന്റെ പ്രവർത്തനം. പരാതിയുമായി എത്തുന്നവർക്ക് റൂമിൽ ആവശ്യത്തിന് സ്ഥലസൗകര്യങ്ങലില്ല. ഫയലുകളും മറ്റും സൂക്ഷിക്കുവാൻ വേണ്ടത്ര സ്ഥലസൗകര്യവും ഇല്ല. പ്രതികളെ പാർപ്പിക്കുന്നതിനും ഇവിടെ പ്രത്യേക മുറി ഉണ്ടായിരുന്നില്ല. നൈറ്റ് ഡ്യൂട്ടി നോക്കുന്ന പൊലീസുകാർ വരെ ബുദ്ധിമുട്ടിലാണ്. ഇവിടെയുള്ള ബാത്ത് റൂം ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. പൊന്മുടിയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്താൻ എത്തുന്ന മന്ത്രിമാർ പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും പാലിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പൊന്മുടി പൊലീസ് സ്റ്റേഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്ഥലം എം.എൽ.എ ഡി.കെ. മുരളി പ്രശ്നത്തിൽ ഇടപെട്ട് വനംവകുപ്പ് അധികാരികളുമായി സംസാരിച്ചു പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്തിനായി അപ്പർ സാനിറ്റോറിയത്തിൽ അമ്പത് സെന്റ് സ്ഥലം അനുവദിപ്പിച്ചു. 2017ൽ ആണ് സ്ഥലം ലഭിച്ചത്. 2018ൽ നിർമാണപ്രവർത്തനങ്ങൾ ക്കായി ഒരു കോടി നാല്പത് ലക്ഷം രൂപ അനുവദിച്ചു. ഇടക്ക് സ്ഥലത്തെ ചൊല്ലിയുണ്ടായ പ്രശ്നത്തെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു. വീണ്ടും എം.എൽ.എ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും പണി ആരംഭിക്കുകയും ചെയ്തു.
മൂന്ന് നില മന്ദിരം ആയിട്ടാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിച്ചത്. ടൂറിസ്റ്റുകൾക്ക് വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഒൻപതാം തീയതി രാവിലെ പത്തിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, റൂറൽ എസ്.പി ബി. അശോകൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, പൊന്മുടി വാർഡ് മെമ്പർ എ.ആർ. ജിഷ എന്നിവർ പങ്കെടുക്കും.പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ച ഡി.കെ. മുരളി എം.എൽ.എയ്ക്ക് സി. പി.എം പൊന്മുടി ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.