വർക്കല: കേരളത്തിന്റെ തൊഴിൽ മേഖലയെ സജീവമാക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോഴും ദുരിതജീവിതം. ഇവരുടെ ഉന്നമനത്തിനായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന അലംഭാവമാണ് കൊവിഡ് കാലത്ത് തിരിച്ചടിയാകുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളുമെല്ലാം ഇപ്പോഴും കടലാസിൽ മാത്രമാണ്.
രണ്ടായിരത്തോളം തൊഴിലാളികളാണ് വർക്കല താലൂക്കിൽ മാത്രം ഉണ്ടായിരുന്നത്. ഇവരിൽ പകുതിയും ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ നാട്ടിലേക്ക് മടങ്ങി. എന്നാൽ നിർമ്മാണ മേഖല മുതൽ തട്ടുകടകളിൽ വരെ ഇപ്പോഴും പണിയെടുക്കുന്ന തൊഴിലാളികളുടെ വിവര ശേഖരണം നടത്താൻപോലും തൊഴിൽവകുപ്പും പൊലീസും ഇനിയും തയ്യാറായിട്ടില്ല.
കുടുംബവുമായി കഴിയുന്നവരാണ് ഇവരിൽ ഏറെയും. തൊഴിൽ നിയമങ്ങളെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ഇവർക്ക് വേണ്ട തിരിച്ചറിവില്ല. ഇത് മറയാക്കി തൊഴിലുടമകൾ ഇവരെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ല
ശുദ്ധജലമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കുടുസുമുറികളിലാണ് മിക്ക തൊഴിലാളികളും കഴിയുന്നത്. വൃത്തിയുള്ള കക്കൂസുകൾ പോലും ഇവർക്കില്ല. ഇത്തരത്തിൽ കൂട്ടത്തോടെ കഴിയുന്നതിനാൽ ഇവർക്കിടയിൽ സാംക്രമിക രോഗങ്ങൾ പടരുന്നതിനുള്ള സാദ്ധ്യത ഏറെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലുള്ള ഭീഷണി വേറെയും. തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്ന നിർദ്ദേശവും പലയിടത്തും പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുറ്റകരമായ അനാസ്ഥയാണ് പുലർത്തുന്നത്.
പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്രില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കായി നിയോഗിക്കരുതെന്ന മാനദണ്ഡവും കടലാസിൽ മാത്രമാണ്.
ആവാസ് പദ്ധതിയും പാളി
അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച ആവാസ് പദ്ധതിയുടെ പ്രാരംഭ നടപടികൾ പോലും വർക്കല താലൂക്കിൽ ആരംഭിച്ചിട്ടില്ല. പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികൾക്ക് 15000 രൂപയുടെ സൗജന്യ ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കണമെന്നായിരുന്നു വ്യവസ്ഥ. ആരോഗ്യ ഇൻഷ്വറൻസിനോടൊപ്പം 2 ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷയും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഇതാണ് പാളിയത്.
......................................
അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽതേടി താലൂക്കിൽ കഴിയുന്നവരുടെ ക്ഷേമപദ്ധതികളും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം. (അഡ്വ. എസ്.കൃഷ്ണകുമാർ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം)
..........................................
നാട്ടിൽ തങ്ങി പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിനും അടിയന്തരമായ നടപടി സ്വീകരിക്കും.
(അഡ്വ.വി.ജോയി, എം.എൽ.എ)
രജിസ്ട്രേഷൻ നടപടി പാളി
ആവാസ് പദ്ധതിയും നടപ്പായില്ല
കഴിയുന്നത് വൃത്തിഹീനമായ സ്ഥലങ്ങളിൽ
വൃത്തിയുള്ള ടോയ്‌ലെറ്റുകളുമില്ല
അവകാശങ്ങൾ കടലാസിൽ മാത്രം
നടപടികൾ ഇനിയും അകലെ