തിരുവനന്തപുരം: രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂവെന്നും അതിനാവശ്യമായ തിരുത്തലുകൾ നയസമീപനങ്ങളിൽ ഉണ്ടാകണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.
ആത്മ പരിശോധനയിലൂടെ പാളിച്ചകൾ കണ്ടറിഞ്ഞ് സ്വയം തിരുത്തലിലൂടെ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങിപ്പോകണം. എങ്കിലേ മോദി ഭരണകൂടത്തിന്റെ വിനാശകരമായ പൊതുസ്വത്ത് വിൽപ്പനയെ ഫലപ്രദമായി ചെറുക്കാനാവൂ.
റെയിൽവേയെ തന്നെ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായും മോദി ഭരണകൂടം മുന്നോട്ടു പോവുകയാണ്.
വിമാനത്താവളങ്ങൾ, എൽ.ഐ.സി, എൻ.ടി.സി, ഐ.ഡി.ബി.ഐ ബാങ്ക്, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഷിപ്പിംഗ് കോർപറേഷൻ തുടങ്ങിയ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങൾ വിറ്റഴിക്കാനുള്ള നടപടികളുടെ തുടർച്ചയാണ് റെയിൽവേ സ്വകാര്യവത്കരണം. ഒമ്പത് ലക്ഷം കോടി ആസ്തിയുള്ള ബി.പി.സി.എൽ കേവലം 65,000 കോടി രൂപയ്ക്ക് സ്വകാര്യഗ്രൂപ്പിന് കൈമാറാനൊരുങ്ങുന്നു. മുപ്പതിനായിരം കോടിയുടെ ആസ്തിയുള്ള തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാൻ വെമ്പൽ കൊള്ളുന്ന അതേ സമീപനമാണ് എല്ലാ കാര്യങ്ങളിലും.