general

ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മുഖം മിനുക്കിയ ബാലരാമപുരം ജി.എച്ച്.എസ്.എസിൽ പുതുതായി പണി കഴിപ്പിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 9ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വി‌ജയൻ ഓൺലൈനിലൂടെ നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ജി. രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം മികവിന്റെ കേന്ദ്രമായി പരിഗണിച്ച് അടിസ്ഥന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാലരാമപുരം ജി.എച്ച്.എസ്.എസ് ഹൈടെക്ക് നിലവാരത്തിലേക്ക് ഉയ‌ർത്തിയത്. അഡ്വ. എം. വിൻസെന്റ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം ബാലരാമപുരം ജി.എച്ച്.എസ്.എസിനെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കുകയായിരുന്നു. കിഫ്ബി വക അഞ്ച് കോടിയും എം.എൽ.എ ഫണ്ടായ ഒരു കോടിയും ചെലവഴിച്ച് കൈറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. രണ്ട് ബഹുനിലമന്ദിരങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ജനുവരിയോടെ വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസ് റൂമുകളിലിരുന്ന് പഠിക്കാൻ കഴിയും. ആധുനിക രീതിയിലുള്ള അടുക്കള, ഡൈനിംഗ് ഹാൾ,​​ ടോയ്‌ലെറ്റ് ബ്ലോക്ക്,​ 1200 ഓളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ ആഡിറ്റോറിയം,​ കുടിവള്ളത്തിനായി ഗ്രൗണ്ട് വാട്ടർ സംവിധാനം എന്നിവയാണ് മന്ദിരത്തോടൊപ്പം നിർമിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന സ്കൂൾ പ്രവേശന കവാടത്തിന്റെ ജോലികളും അന്തിമഘട്ടത്തിലാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സ്വാഗതസംഘം രൂപീകരണയോഗം അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പി.റ്റി.എ പ്രസിഡന്റുമായ ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഒാർഡിനേറ്റർ അൽജവാദ്,​ ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. പ്രീജ,​ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി,​ ബ്ലോക്ക് മെമ്പർ എസ്. ജയചന്ദ്രൻ,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഉദ്ഘാടനം വിപുലമാക്കാൻ സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പൽ അമൃതകുമാരി അറിയിച്ചു.