ansar

കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലകേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുഖ്യ പ്രതികളിൽ ഒരാളായ മഞ്ചാടി, കൂനൻ വേങ്ങ അൻസറിനെ(29) പിടികൂടിയതോടെയാണ് മുഴുവൻ പ്രതികളും അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകത്തിൽ അൻസറിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ ബന്ധുവീട്ടിൽ നിന്നാണ് അൻസർ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ വന്നു പോകുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27),റോഡരികത്ത് വീട്ടിൽ നജീബ്(41),ചരുവിള പുത്തൻ വീട്ടിൽ അജിത് (27),റോഡരികത്ത് വീട്ടിൽ സതി മോൻ (47),ചെറുകോണത്ത് വീട്ടിൽ സജീവ് (35),മദപുരം ചരുവിള വീട്ടിൽ സനൽ (32),തടത്തരികത്ത് വീട്ടിൽ പ്രീജ (30) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് പ്രീജയെ അറസ്റ്റ് ചെയ്തത്. സജീവ്,സനൽ,ഉണ്ണി എന്നിവർക്കൊപ്പം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളാണ് അൻസർ. മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും ഇവർ നാലുപേരും ചേർന്ന് വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാക്കിയുള്ളവർ സംഭവസ്ഥലത്ത് എത്തുകയും ഇവർക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കുകയുമായിരുന്നു. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയെ കുറിച്ചും,കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.