sep05a

ആറ്റിങ്ങൽ: ഇംഗ്ലീഷ് കവിതകളുടെ ലോകം തുറന്ന് ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ദി ഹാവെൻ ഇന്റർ നാഷണൽ’ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ. പ്രശസ്‌ത ഇംഗ്ളീഷ് കവികളുടെ കവിതകൾ ഫേസ്ബുക്ക് ഗ്രൂപ്പ് വഴി അവർതന്നെ അവതരിപ്പിക്കുന്ന പരിപാടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ദിവസം ഒരു കവിത എന്ന നിലയിലാണ് അവതരണം. സെപ്‌തംബർ 1 മുതൽ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടി കാണുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ആറ്റിങ്ങൽ സ്വദേശിയും ഇംഗ്ളീഷ് കവിയുമായ ബാലചന്ദ്രൻ നായരും കവയിത്രി ഇമ്മാനുവേൽ മെറ്റിൽസും നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് ഹവാൻ. ഇവരുടെ ആമുഖത്തോടെ കവികളെ പരിചയപ്പെടുത്തിയാണ് കവിതകൾ അവതരിപ്പിക്കുന്നത്. 25 ഇംഗ്ളീഷ് കവികൾ ഇതുവരെ കവിതകൾ അയച്ചിട്ടുണ്ടെന്ന് ബാലചന്ദ്രൻ നായർ പറഞ്ഞു. ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 500 എഴുത്തുകാർ‌ സജീവ അംഗങ്ങളായ ഹാവെൻ മലയാളം എന്ന സാഹിത്യ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ കവിതകളും കവിതാ ചർച്ചയും നല്ല കവിതകളുടെ ഇംഗ്ളീഷ് പരിഭാഷയും മികച്ച കവിതകളുടെ തിരഞ്ഞെടുക്കലും നടക്കുന്നുണ്ട്.