കിളിമാനൂർ: കൊവിഡ് കാലത്ത് സർക്കാർ ജോലികളിൽ നിയമനങ്ങൾ നടക്കാത്തതിനാലും സ്വകാര്യ കമ്പനികളിലെ ജോലി നഷ്ടമായതിനാലും പ്രതിസന്ധിയിലായ യുവജനങ്ങൾ പുതിയ കർമ്മകാണ്ഡങ്ങൾ തേടുന്നു. പുതിയ ചെറുകിട സംരംഭങ്ങൾ തുടങ്ങിയും കൃഷി നടത്തിയുമാണ് യുവാക്കൾ ഇപ്പോൾ അതിജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ജോലി നഷ്ടമായി മടങ്ങിയെത്തിയ പ്രവാസികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ നഷ്ടമായവർ, നിരത്തിലിറക്കാൻ കഴിയാത്ത മിനി ബസ് ഉൾപ്പടെയുള്ള വാഹനങ്ങളിലെ തൊഴിലാളികൾ തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
ബേക്കറികൾ, നാടൻ കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാളികേര വിൽപ്പന, മത്സ്യവില്പന തുടങ്ങി സാദ്ധ്യമായ ഏതു വഴിയും തിരഞ്ഞെടുത്തു ജീവിക്കാനുള്ള ശ്രമത്തിലാണ് ഇവർ. വലിയ മുതൽ മുടക്കില്ലാതെ വീടിനു മുന്നിലും വീടിനോട് ചേർന്ന് നിർമ്മിച്ച താത്കാലിക ഷെഡിലും വഴിയോരങ്ങളിലുമൊക്കെയാണ് ഇവർ പുതിയ സംരഭങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രതിസന്ധയിൽ തണലാകാൻ കഴിയാത്ത അധികൃതരോട് ഇവർക്ക് ഒന്നേ പറയാനുള്ളൂ. തോൽക്കാൻ ഞങ്ങൾക്ക് മനസില്ല....
തരിശിടങ്ങളിൽ തളിരിട്ടു
ഇഴജന്തുക്കളുടെ വിഹാര കേന്ദ്രങ്ങളായ കാടുകയറിയ സ്ഥലങ്ങളെല്ലാം കൃഷി ചെയ്യാൻ പര്യാപ്തമാക്കിയാണ് ചെറുപ്പക്കാർ മാതൃകയാകുന്നത്. വാഴയും മരച്ചീനിയും ചേമ്പും ചേനയും പയറും പച്ചക്കറിയും മാത്രമല്ല കരയിൽ നെല്ല് വിളയിക്കാനും യുവാക്കളുടെ സംഘമിറങ്ങി. കൃഷിചെയ്യാൻ വയലേലകളിലേക്ക് യുവതികളുടെ സംഘങ്ങളുമെത്തി. നാടൻ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറിയതോടെ തരക്കേടില്ലാത്ത വിലയും ലഭിച്ചു തുടങ്ങി. വീടുകൾക്ക് മുന്നിലും കൃഷിയിറക്കിയ സ്ഥലത്തും ചെറിയ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയവരും ധാരാളമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളാണ് സാദ്ധ്യമായ വഴികളിലൂടെ അഭിമാനത്തോടെ വരുമാനം കണ്ടെത്തുന്നത്.
മത്സ്യക്കൃഷിയും തകൃതി
മത്സ്യബന്ധനത്തിനും വിപണനത്തിനും നിരോധനം വന്നതിന്റെ ബുദ്ധിമുട്ടി മലയാളികൾ അനുഭവിച്ചതാണ്. ഇതാണ് യുവാക്കളെ ശുദ്ധജല മത്സ്യക്കൃഷിയിലേക്ക് നയിച്ചത്. ടാർപ്പോളിൻ വിരിച്ചുണ്ടാക്കിയ കുളങ്ങളിൽ മുതൽ സിമെന്റിലുണ്ടാക്കിയ കുളങ്ങളിലും വലിയ ബാരലുകളിലും വരെ മത്സ്യക്കൃഷി ആരംഭിച്ചു. വിഷാംശം കലരാത്ത മീനായതിനാൽ ആവശ്യക്കാരും ഏറെയാണ്.
നാട്ടിൻപുറങ്ങളിൽ പുതിയ സംരംഭങ്ങൾ
കൃഷി ചെയ്യാനും യുവാക്കൾ മുന്നോട്ട്
ഉത്പനങ്ങൾക്ക് വൻ ഡിമാന്റ്
തരിശിടങ്ങൾ തളിരണിഞ്ഞു