kovalam

കോവളം: കടൽ മത്സ്യങ്ങളിലും കടൽ ജീവികളിലുമായി ഒരുപതിറ്റാണ്ട് നടത്തിയ ഗവേഷണ പ്രവർത്തനങ്ങളിൽ വിജയിച്ച വിഴിഞ്ഞത്തെ സമുദ്ര മത്സ്യ ഗവേഷണകേന്ദ്രം അംഗീകാരത്തിന്റെ നെറുകയിൽ. കേന്ദ്രത്തിന് ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ഐ.സി.എ.ആർ) അംഗീകാരം ലഭിച്ചു. അഞ്ച് ഗവേഷണ പ്രവർത്തനങ്ങളുടെ മികവിനാണ് വിഴിഞ്ഞം സി.എം.എഫ്.ആർ.ഐക്ക് മേഖലാപദവി ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. അപൂർവവും ഇന്ത്യയിൽ ആദ്യമായും 100 ജോഡി വളയോട് മീനുകളെ വളർത്തി അവയുടെ മുട്ടവിരിയിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ സഹായത്തോടെയുള്ള പദ്ധതിയാണിത്. ഉത്പാദിച്ച മീൻകുഞ്ഞുങ്ങളെ കർഷകർക്കാണ് വിതരണം ചെയ്‌തത്. കടലിലെ സ്വാഭാവിക പാരുകളിൽ കാണപ്പെടുന്ന ബാൻസീലെന്ന മാലാഖ മത്സ്യങ്ങൾ, ആന്തിയാസ്, മയിൽപ്പീലിയുടെ നിറമുള്ള ചിപ്പി (കല്ലുമേക്കായ), ഷെൽ വിഭാഗത്തിലുള്ള മുരിങ്ങ എന്നിവയും ഇവിടെ കൃത്രിമമായി ഉത്പാദിപ്പിച്ചു. തീരദേശ മേഖലയിലെ മത്സ്യ കർഷകർക്ക് സാമ്പത്തിക ഭദ്രതയുണ്ടാക്കുന്നതിന് വിഴിഞ്ഞം മുതൽ കായംകുളം വരെയുള്ള കായൽ കടൽ കൂട് കൃഷിയും വ്യാപകമാക്കി. ഈ മികവുകൾക്കാണ് മേഖലാപദവി ലഭിച്ചതെന്ന് വിഴിഞ്ഞം സമുദ്ര മത്സ്യഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഇൻചാർജ് ഡോ.എം.കെ. അനിൽ പറഞ്ഞു.

മികവിന്റെ കേന്ദ്രമായി

-------------------------------------

എണ്ണം കുറയുന്ന കടൽ മത്സ്യങ്ങളെ കണ്ടെത്തി കടലിന്റെ ആവാസം സൃഷ്ടിച്ചും അവയുടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചും നടത്തിയ ഗവേഷണ മികവിനാണ് സംസ്ഥാനത്തെ ഏക മേഖലാ കേന്ദ്രമെന്ന പദവി നൽകിയത്. ഇതോടെ വിഴിഞ്ഞം സമുദ്ര മത്സ്യഗവേഷണ കേന്ദ്രം മേഖലാപദവി ലഭിക്കുന്ന രാജ്യത്തെ നാലാമത്തെ കേന്ദ്രമായി. മറൈൻ മാരികൾച്ചർ, മറൈൻ ബയോടെക്‌നോളജി എന്നീ വിഭാഗങ്ങളിലായി മൂന്ന് ഗവേഷകരും ഇവിടെ എത്തുന്നുണ്ട്. കേന്ദ്രത്തിൽ വളയോട് മീനുകൾക്കും ചിപ്പി എന്നിവയ്‌ക്ക് പ്രത്യേക ഹാച്ചറികൾ തുടങ്ങാനുള്ള അനുമതി തേടിയുണ്ടെന്നും അധികൃതർ പറഞ്ഞു.