കൊച്ചി: മുനമ്പം മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അനുമതിയില്ലാതെ രഹസ്യമായി മത്സ്യബന്ധന ബോട്ടുടമകളും തരകന്മാരും തമിഴ്നാട് കുളച്ചൽ, പൊഴിയൂർ എന്നിവിടങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളെയും ഹിൽനെറ്റ് വള്ളങ്ങളിലെ തൊഴിലാളികളെയും രഹസ്യമായി ഹാർബറിൽ എത്തിച്ചിരുന്നു. ഇവരെ കൊണ്ടുവന്ന തരകന്മാർക്കും ബോട്ടുടമകൾക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മുനമ്പം മേഖലയിലെ 70 ശതമാനം ആളുകളും ഹാർബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഹാർബറിൽ നിന്ന് ബോട്ടുകൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. ഹാർബറും അതിനോട് ച്ചേർന്നുള്ള വ്യാപാര സ്ഥാനപനങ്ങളും അടച്ചതിനാൽ പ്രദേശത്തെ മിക്കവരുടെയും വരുമാന മാർഗവും അടഞ്ഞു.

കണ്ടെയ്മെന്റ് സോൺ

കുളച്ചൽ സ്വദേശികളായ മത്സ്യത്തൊഴിലാളികളിൽ നിന്ന് മത്സ്യം ശേഖരിച്ച മറ്റു തരകന്മാർക്കും ചരക്കു വാഹന ഡ്രൈവർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാർഡ് രണ്ട്, മൂന്ന്, നാല്, 14, 15, 22 എന്നിവ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. 60 ശതമാനത്തോളം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നിരീക്ഷണത്തിലാണ്.

80 ശതമാനവും കുളച്ചൽ സ്വദേശികൾ

നീണ്ട കാത്തിരിപ്പിനൊടുവിലാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോയി തുടങ്ങിയത്. സീസണായതിനാൽ മോശമല്ലാത്ത രീതിയിൽ ലാഭവും ലഭിച്ചിരുന്നു. എന്നാൽ കുളച്ചൽ സ്വദേശികൾ തിരിച്ചെത്താത്തതിനാൽ 50 ശതമാനം ബോട്ടുകളും കടലിൽ പണിക്ക് പോയിട്ടില്ല. പണിക്ക് പോകുന്ന ബോട്ടുകളിൽ 80 ശതമാനവും കുളച്ചൽ സ്വദേശികളാണ്. സീസൺ നഷ്ടമാകാതിരിക്കാനാണ് ബോട്ടുടമകൾ ഇവരെ തിരിച്ചെത്തിച്ചത്. എന്നാൽ ഇത് സമൂഹ വ്യാപനത്തിലേക്കാണ് നയിക്കുന്നത്.