തിരുവനന്തപുരം: രണ്ട് മന്ത്രിമാരുണ്ടായിട്ടും വിദ്യാഭ്യാസ രംഗം പൂർണമായും കുത്തഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് കെ.പി.എസ്.ടി.എ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. അദ്ധ്യാപകരോടുള്ള അവഗണന സമൂഹത്തോടുള്ള അവഹേളനമാണ്. ഇടതു സർക്കാർ അധികാരത്തിലെത്തിയശേഷം ഒരു അദ്ധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ ഭരണപരാജയം ചർച്ചയാകാതിരിക്കാനും ജനശ്രദ്ധതിരിക്കാനും സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനായി വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തേയും തലശ്ശേരി ബോംബ് സ്‌ഫോടനത്തേയും ഉപയോഗിക്കുന്നു.വെഞ്ഞാറമൂട്ടിൽ രണ്ടു ഗ്യാംഗുകൾ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിൽ കലാശിച്ചതാണ്. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയെ രക്തസാക്ഷിത്വ പരിവേഷം നൽകി ആഘോഷമാക്കി മാറ്റുകയാണ് സി.പി.എം എന്നും മുല്ലപ്പള്ളി പറഞ്ഞു. എം.സലാവുദ്ദീൻ,മുഹമ്മദു റാഫി,അനിൽ വട്ടപ്പാറ,നിസാം ചിതറ,നെയ്യാറ്റിൻകര പ്രിൻസ്,അനിൽ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.