uni

തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കൊല്ലത്ത് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം നഗരഹൃദയത്തിലുള്ള ആശ്രാമത്തായിരിക്കും. ഇവിടെ 45 കോടി ചെലവിട്ട് നിർമ്മിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമുച്ചയവും 3.82ഏക്കർ സ്ഥലവും ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ കേരളകൗമുദിയോട് പറഞ്ഞു. 900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവയെല്ലാം സർവകലാശാലയുടെ ഭാഗമാക്കും. ചവറയിൽ തൊഴിൽ നൈപുണ്യ വികസനത്തിനായി നിർമിച്ച കെട്ടിടത്തിലായിരിക്കും പഠനകേന്ദ്രങ്ങൾ. അവിടെ പത്ത് ഏക്കർ സ്ഥലമുണ്ട്.

ഗുരുദേവ സാംസ്കാരിക സമുച്ചയം നിർമ്മിക്കാൻ ആശ്രാമം ഗസ്റ്റ് ഹൗസിന് കിഴക്കായി 3.82 ഏക്കർ പുറമ്പോക്ക് ഭൂമി 2018 ഏപ്രിൽ 30ന് സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു. 91,000ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ 45 കോടിക്ക് കരാർ നൽകിയിട്ടുണ്ട്.

കരട് ഓർഡിനൻസിന് നിയമവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് കൈമാറും. ഗവർണർ ഒപ്പുവയ്ക്കുന്നതോടെ സർവകലാശാലാ നിലവിൽവരും. താത്കാലിക കെട്ടിടങ്ങളിൽ ഒക്ടോബർ രണ്ടിന് പ്രവർത്തിച്ചു തുടങ്ങും.

70 കോളേജുകളുമായി ധാരണാപത്രം

ഓപ്പൺ സർവകലാശാലയിൽ സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങും. നിലവിൽ ആർട്സ് വിഷയങ്ങൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് വിദൂരപഠനം. സയൻസ് കോഴ്സുകൾ തുടങ്ങാൻ 70 സർക്കാർ, എയ്ഡഡ് കോളേജുകളുമായി ധാരണാപത്രം ഒപ്പിടും. ചവറ ഗവ.കോളേജ്, കൊല്ലം എസ്.എൻ, ഫാത്തിമ, ടി.കെ.എം കോളേജുകളുമായാണ് ആദ്യം ധാരണാപത്രം ഒപ്പിടുക. 14 സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകൾ നിലവിലുണ്ട്

നവോത്ഥാന നായകനായ ഗുരുദേവന് മികച്ച സ്‌മാരകമായി ഓപ്പൺ സർവകലാശാല മാറും. ആശ്രാമത്തെ കെട്ടിടനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും.

-ജെ.മേഴ്സിക്കുട്ടിഅമ്മ

മന്ത്രി