തിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് പക്ഷം രാഷ്ട്രീയനിലപാട് വ്യക്തമാക്കിയ ശേഷം അവരെ ഇടതുമുന്നണിയോട് സഹകരിപ്പിക്കുന്നതിൽ നിലപാട് പറയാമെന്ന് സി.പി.എം നേതൃത്വത്തോട് സി.പി.ഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണിത്.
ജോസ് വിഭാഗത്തിന്റേത് ഇടതിനനുകൂല സമീപനമാണെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനത്തിന്റെ മറുപടി. നേരത്തേ ഈ വിഷയത്തിൽ കൈക്കൊണ്ട കടുത്ത എതിർപ്പ് ഇക്കുറി സി.പി.ഐയിൽ നിന്നുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജോസിന്റെ നിലപാട് അറിഞ്ഞ ശേഷം പാർട്ടി എക്സിക്യൂട്ടീവ് ചേർന്ന് വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് കാനം സൂചിപ്പിച്ചതായാണ് വിവരം.
അതേസമയം, യു.ഡി.എഫിൽ നിന്ന് അകന്നുകഴിഞ്ഞ ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നത് സി.പി.എം തീരുമാനിച്ചുറപ്പിച്ച മട്ടാണ്. കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലും അവർക്കനുകൂലമായ സൂചനകൾ കോടിയേരി നൽകി. സി.പി.ഐയിൽ നിന്ന് നിഷേധാത്മക നിലപാട് ഇക്കുറിയുണ്ടാവില്ലെന്ന് സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. 18ന് ഇടതുമുന്നണി യോഗം ചേരാനും ധാരണയായിട്ടുണ്ട്. അന്ന് ജോസ് വിഷയം ചർച്ചയ്ക്കെടുക്കാനാണ് നീക്കം. എന്നാൽ, അതിന് മുമ്പ് സി.പി.ഐ എക്സിക്യൂട്ടീവ് ചേർന്ന് നിലപാടെടുക്കുമെന്ന സൂചന ഇതുവരെയില്ല. 20ന് ശേഷം എക്സിക്യൂട്ടീവ് ചേർന്നാൽ മതിയെന്നായിരുന്നു നേരത്തേയുണ്ടായ ധാരണ. മുന്നണിയിലെ മറ്റ് ഘടകകക്ഷികളോടും ജോസ് വിഷയത്തിൽ നിലപാട് ആരായും. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നണിയോഗം ചർച്ച ചെയ്യും.
നവംബറിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കെ, ജോസ് കെ.മാണി വിഭാഗവും അടിയന്തരമായി രാഷ്ട്രീയനിലപാട് സ്വീകരിക്കേണ്ടിവരും. പാർട്ടി ചിഹ്നവും പദവിയും തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് പക്ഷത്തിന് അനുവദിച്ച ശേഷമുള്ള സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്നാണ്. ഇടുക്കി, കട്ടപ്പന കോടതികളുടെ വിധി ചൂണ്ടിക്കാട്ടി, ജോസിന് സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കാനധികാരമില്ലെന്ന് വാദിക്കുന്ന ജോസഫ് കോടതിയലക്ഷ്യഹർജി നൽകാനുമാലോചിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരെ നാളെ ജോസഫ് വിഭാഗം ഡൽഹി ഹൈക്കോടതിയിലും ഹർജി നൽകുന്നുണ്ട്.
കുട്ടനാടും പാലായുംമോഹിച്ച് ആരും
വരേണ്ട: മാണി സി. കാപ്പൻ
പാലാ: കുട്ടനാട്, പാലാ സീറ്റുകൾ മോഹിച്ച് ആരും ഇടതുമുന്നണിയിലേക്ക് വരേണ്ടെന്ന് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കുട്ടനാട്ടിൽ തോമസ് കെ. തോമസിന്റെ പേര് പാർട്ടിയും മുന്നണിയും നേരത്തെ തീരുമാനിച്ചു കഴിഞ്ഞു. അതിന് മാറ്റം ഉണ്ടാവേണ്ട കാര്യമില്ല. പാലാ 52 വർഷത്തെ പോരാട്ടത്തിന് ശേഷം പിടിച്ചെടുത്തതാണ്. മൂന്നു തവണ താൻ മത്സരിച്ച ശേഷം നാലാമതാണ് വിജയിച്ചത്.ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, കുട്ടനാടും പാലായും മോഹിച്ചു കൊണ്ടാവരുത്.