sep05b

ആറ്റിങ്ങൽ: വർക്കല അകത്തുമുറിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട മോഷ്ടാവ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ തീവട്ടി ബാബു എന്ന ബാബുവിനെ (61) ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. തീവട്ടി ബാബുവിനെയും കൂട്ടാളി കൊട്ടാരം ബാബുവിനെയും കഴിഞ്ഞമാസം കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായ ഇവരെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് പാർപ്പിച്ചിരുന്നത്. രക്ഷപ്പെട്ട ശേഷം കോട്ടയം ജില്ലയിലും വിവിധ സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തി. കോട്ടയം തലപ്പാറയിൽ നിന്നും മോഷ്ടിച്ച ഇരുചക്ര വാഹനവുമായാണ് ഇയാൾ പിടിയിലായത്. പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ രണ്ട് മോഷണം നടത്തിയതും ഇയാളാണെന്ന് കണ്ടെത്തി. റൂറൽ എസ്.പി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പള്ളിക്കൽ സി.ഐ അജി. ജി.നാഥ്, വർക്കല സി.ഐ ജി. ഗോപകുമാർ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഫിറോസ് ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ജി. ബാബു, ആർ. ബിജുകുമാർ, സി.പി.ഒ ഷെമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളോടൊപ്പം രക്ഷപ്പെട്ട മറ്റൊരു മോഷണക്കേസ് പ്രതി വിഷ്‌ണു ഇപ്പോഴും ഒളിവിലാണ്.