തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് നവംബറിലെന്ന് ഉറപ്പായതോടെ സീറ്റ്, സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ കളത്തിലിറങ്ങി.
എൻ.സി.പിയിലെ തോമസ് ചാണ്ടി അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന മത്സരമായതിനാൽ കുട്ടനാട് എൻ.സി.പിക്ക് തന്നെ ഇടതുമുന്നണി അനുവദിക്കുമെന്നുറപ്പ്. 18ന് ഇക്കാര്യമറിയിച്ചേക്കും. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസാവും സ്ഥാനാർത്ഥി. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര പാർലമെന്ററി ബോർഡിന്റെ അംഗീകാരം സംസ്ഥാന നേതൃത്വം നേടിയിട്ടുണ്ട്.
സലിം പി.മാത്യുവിന് വേണ്ടി പാർട്ടിയിൽ ഒരു വിഭാഗം ശക്തമായി നിലയുറപ്പിച്ചത് നേരത്തേ തർക്കത്തിനിടയാക്കിയതാണ്. ചുരുങ്ങിയ കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പായതിനാൽ തോമസ് ചാണ്ടിയുടെ കുടുംബാംഗത്തിന് കൈമാറാമെന്ന ധാരണ പിന്നീടുണ്ടായി.
ചവറയിൽ സി.എം.പി-അരവിന്ദാക്ഷൻ വിഭാഗത്തിന്റെ ലേബലിൽ ജയിച്ച എൻ.വിജയൻ പിള്ള, പിന്നീട് ലയനത്തോടെ സി.പി.എം അംഗമായി മാറിയിരുന്നു. ഈ സ്ഥിതിക്ക് ചവറ സീറ്റിൽ സി.പി.എം മത്സരിക്കാനാണിട. ഇക്കാര്യത്തിലും ഇടതുമുന്നണിയുടെ ഔപചാരികമായ അംഗീകാരം തേടണം. അവിടെയും സഹതാപതരംഗം മുതലെടുക്കാൻ വിജയൻപിള്ളയുടെ മകനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നുവന്നിരുന്നു. പുതിയ സാഹചര്യത്തിൽ ആ ആവശ്യം പാടേ തള്ളാൻ സി.പി.എം തയാറാകുമോയെന്നാണറിയേണ്ടത്.
യു.ഡി.എഫിൽ ചവറയിൽ ആർ.എസ്.പിയിലെ ഷിബു ബേബിജോൺ വീണ്ടും കളത്തിലിറങ്ങാൻ തയാറെടുത്തു കഴിഞ്ഞു. എന്നാൽ കുട്ടനാട് യു.ഡി.എഫിന് തലവേദനയാവുകയാണ്. കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിൽ നിന്നുള്ളയാളാണ് കഴിഞ്ഞ തവണ മത്സരിച്ചത്. സീറ്റിനായി അവരും കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റെന്ന പൊതുതത്വം പറഞ്ഞ് അതിന്റെ പിതൃത്വമവകാശപ്പെടുന്ന ജോസ് കെ.മാണിയും തർക്കിച്ച് നിന്നത് അവസാനനിമിഷം വരെയും കീറാമുട്ടിയായിരുന്നു. പല തവണ ചർച്ച നടത്തിയിട്ടും ധാരണയിലെത്താതിരിക്കെയാണ് ലോക്ക് ഡൗൺ വന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
അതിനിടയിൽ ജോസ് വിഭാഗത്തെ മുന്നണിയോഗത്തിൽ നിന്ന് മാറ്റിനിറുത്താൻ യു.ഡി.എഫ് തീരുമാനിക്കുകയും അവർ യു.ഡി.എഫിനോട് അകലുകയും ചെയ്തു. ജോസ് ഇടതിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പിലായതിനാൽ സീറ്റ് ജോസഫിന് നൽകുന്നതിൽ യു.ഡി.എഫിന് കൂടുതൽ ബുദ്ധിമുട്ടേണ്ടി വരില്ല. ജോസിനെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് താല്പര്യം കാട്ടിയെങ്കിലും പറ്റില്ലെന്ന കടുംപിടിത്തം ജോസഫിൽ നിന്നുണ്ടായത് കോൺഗ്രസിനെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
ജോസഫിന് സീറ്റ് നൽകിയാലും ചിഹ്നവും പാർട്ടിയുമേതെന്ന തർക്കം തലവേദനയായി നിൽക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും പാർട്ടിപദവിയും ജോസിനനുകൂലമായാണ് വിധിച്ചത്. ഏത് ചിഹ്നത്തിലും പാർട്ടിയിലുമാവും ജോസഫ് മത്സരിക്കുന്നതെന്ന് ജോസ് വിഭാഗം പരിഹസിക്കുകയും ചെയ്തു. ജോസഫിന് സീറ്റ് ലഭിച്ചാലും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വന്നേക്കാം.
എൻ.ഡി.എ സീറ്റ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും കുട്ടനാട്ടിൽ ബി.ഡി.ജെ.എസ് തന്നെ വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. അരൂർ ഉപതിരഞ്ഞെടുപ്പ് സമയത്തെ സാഹചര്യം മുന്നണിയിൽ മാറിയിട്ടുണ്ട്. ചവറയിൽ ബി.ജെ.പി തന്നെയാകും മത്സരിക്കുക.