123

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ മാലിന്യക്കൂമ്പാരമായിരുന്ന എരുമക്കുഴിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ അവസാനഘട്ട പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ മേയർ കെ. ശ്രീകുമാർ സ്ഥലം സന്ദർശിച്ചു. മാലിന്യം പൂർണമായും നീക്കം ചെയ്‌ത ശേഷം ലാൻഡ് സ്കേപ്പ് ഉൾപ്പെടെയുള്ള പൂന്തോട്ടമാണ് എരുമക്കുഴിയിൽ സജ്ജീകരിക്കുന്നതെന്ന് മേയർ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ മിനി ആർ.ആർ.സിയും ഇവിടെ പ്രവർത്തിക്കും. ചാല കേന്ദ്രീകരിച്ചുള്ള മാലിന്യങ്ങളാണ് എരുമക്കുഴിയിൽ കൂടിക്കിടന്നിരുന്നത്. നഗരസഭ ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയതനുസരിച്ച് 2388.18 എംക്യൂബ് മാലിന്യമാണ് എരുമക്കുഴിയിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും നീക്കം ചെയ്‌തു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്കും നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവർക്കും ദിവസവേതനം നൽകിയാണ് മാലിന്യം നീക്കം ചെയ്യുന്നതിനായി അവരെ നഗരസഭ നിയോഗിച്ചത്. കിലോയ്ക്ക് 10 രൂപ എന്ന നിരക്കിൽ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് നൽകിയാണ് മാലിന്യം നീക്കം ചെയ്യുന്നത്. ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശും മേയർക്കൊപ്പമുണ്ടായിരുന്നു.