rocket

കാട്ടാക്കട: കൊവിഡ് ആശങ്കകൾ അവസാനിച്ച ശേഷം മിനി നഗർ സ്‌കൂളിലെത്തുന്ന കൊച്ചുകൂട്ടുകാർ ആദ്യമൊന്ന് അമ്പരക്കും. റോക്കറ്റിന്റെ മാതൃകയാണ് ഇവർക്കായി കവാടത്തിൽ സജ്ജമാക്കിയിട്ടുള്ളത്. പി.എസ്.എൽ.വി റോക്കറ്റ് മാതൃകയിൽ നിർമ്മിച്ച പ്രവേശന കവാടം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ചുവരിൽ മഹാത്മാഗാന്ധി, എ.പി.ജെ. അബ്‌ദുൾ കലാം, കുഞ്ഞുണ്ണി മാഷ് ഇവരുടെ വാക്കുകളും എഴുതിയിട്ടുണ്ട്. പഞ്ചായത്ത് വജ്ര ജൂബിലിയുടെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനായി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ടു മുറികൾ സ്‌മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്കായുള്ള ഇരിപ്പിടവും മുറിയും വ്യത്യസ്‌തമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. കാർട്ടൂണിലെ വൃക്ഷത്തിലും കൂൺ ചെടിയിലുമാണ് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാനുള്ള വാതിലുകളുടെ സ്ഥാനം. പാർക്കും ഉദ്യാനവും കുട്ടികൾക്ക് സമ്മർദ്ദമില്ലാതെ കളിച്ചും പഠിച്ചും വളരാൻ അന്തരീക്ഷമൊരുക്കുന്നതാണ്. നാലാം ക്ലാസ് വരെയുള്ള ഇവിടെ നിലവിൽ 196 വിദ്യാർത്ഥികളാണുള്ളത്.