pinaryi-

തിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് വിഭാഗം കൈക്കൊള്ളുന്ന പരസ്യനിലപാടിനെ ആശ്രയിച്ചാണ് ഇനി മറ്റു കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേക്കുറിച്ച് താനിപ്പോൾ പറയാൻ അശക്തനാണ്. ജോസ് വിഭാഗത്തോടുള്ള ഇടതു സമീപനത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തേ യു.ഡി.എഫ് ചേരിയിലായിരുന്ന ജോസ് വിഭാഗം രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് ചെയ്യാതിരുന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. യു.ഡി.എഫിന് നേരത്തേയുണ്ടായിരുന്ന ശക്തി ദുർബലമാക്കാനിത് ഇടയാക്കി. ആ ഒരു നിലപാടിനപ്പുറമൊരു പരസ്യ നിലപാട് അവർ ഇതുവരെ എടുത്തിട്ടില്ല. അതിനെ ആശ്രയിച്ചാണ് ഇനി മറ്റ് കാര്യങ്ങൾ.

കേരള കോൺഗ്രസ് തർക്കത്തിൽ ചിഹ്നവും പാർട്ടിയും ജോസ് വിഭാഗത്തിനാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനെതിരെ പി.ജെ. ജോസഫ് നിയമപോരാട്ടത്തിന് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത് തുടർന്ന് പോകുമോയെന്നെല്ലാം ഇനി കാണേണ്ട കാര്യങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് അന്തിമവിധി. കേരള കോൺഗ്രസ്-എം എന്നത് ജോസ് കെ.മാണി വിഭാഗമായി മാറിയിട്ടുണ്ട്. ജോസ് വിഭാഗം കൂടുതൽ ശക്തിയാർജ്ജിച്ചുവെന്ന് വ്യക്തമാണ്.