kari-satheeshan

ചങ്ങനാശേരി: നാലുകോടിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ മുത്തൂറ്റ് പോൾ വർഗീസ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശ് (37) പിടിയിലായി. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നാലുകോടി വേഷ്ണാൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സനീഷിന്റെ വീട്ടിൽ കയറി സനീഷിനെയും ഭാര്യയെയുമാണ് ഭീഷണിപ്പെടുത്തിയത്. കൂടാതെ നാലുകോടി വേഷ്ണാൽ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടിലെത്തി മകൻ പീറ്ററിന്റെ ഒരു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തെന്ന പരാതിയും ലഭിച്ചിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർക്കായി തെരച്ചിൽ ആരംഭിച്ചു. ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ രാജേഷ്, നസീർ, സീനിയർ സി.പി.ഒമാരായ രഞ്ചീവ് ദാസ്, സന്തോഷ്, ജയ്‌മോൻ എന്നിവരും അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.