തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവസിച്ചു. സർക്കാരും പ്രതിപക്ഷവും ജ്യേഷ്ഠാനുജന്മാരാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്‌ത ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. ഈ സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി പിണറായി സർക്കാരിനെതിരെ ചെറുവിരലനക്കാൻ പ്രതിപക്ഷത്തിനായില്ല, എന്നാൽ പ്രതിപക്ഷം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടത് ബി.ജെ.പി നടത്തിവരുന്ന പോരാട്ടങ്ങളിലൂടെയാണെന്ന് വി.വി. രാജേഷ് പറഞ്ഞു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്‌തു. ദേശീയ കൗൺസിൽ അംഗം പി. അശോക് കുമാർ നാരങ്ങാ നീര് നൽകി. യോഗത്തിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ഡോ.പി.പി. വാവ, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, കരമന ജയൻ, എസ്. സുരേഷ്, ജില്ലാ നേതാക്കളായ വെങ്ങാനൂർ സതീഷ്, കരമന അജിത്, പാങ്ങപ്പാറ രാജീവ്, ബിജു. പി.നായർ, ആർ. സജിത്ത്, എം.ആർ. ഗോപൻ തുടങ്ങിയവർ സംസാരിച്ചു.