തിരുവനന്തപുരം: ഖരമാലിന്യ നിർമ്മാർജ്ജനത്തിന് 2100 കോടിയുടെ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും ഇതിന് ഇന്നലെ നടന്ന സർവകക്ഷിയോഗം പിന്തുണ നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഖരമാലിന്യ നിർമ്മാർജ്ജനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി 3500 ഹരിതകർമ്മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജൈവ മാലിന്യങ്ങൾ വീടുകളിലും സ്രോതസുകളിലും സംസ്‌കരിക്കാൻ മതിയായ സൗകര്യങ്ങളില്ല. ഇവ സംസ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പിന്തുണ ആവശ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്റ് ഫില്ലും വേസ്റ്റ് ട്രേഡിംഗ് സെന്ററുകളും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഒപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യസംസ്‌കരണത്തിൽ തുല്യശേഷി കൈവരിക്കണം.
ലോകബാങ്കിൽനിന്നുള്ള 2100 കോടിയാണ് വായ്പ നൽകുക. ഇതിൽ ലോകബാങ്കിന്റെ വിഹിതം 1470 കോടിയും കേരള സർക്കാരിന്റെ വിഹിതം 630 കോടിയുമാണ്.
93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 183 ഗ്രാമപഞ്ചായത്തുകൾക്കും പ്രോജക്ടിന്റെ ഗുണം ലഭിക്കും. സർക്കാരിനെ സഹായിക്കാൻ പ്രോജക്ടിന്റെ ഭാഗമായി കൺസൾട്ടന്റുകൾ ഉണ്ടാകും. ഗ്ലോബൽ ബിഡ്ഡിംഗ് വഴിയാണ് കൺസൾട്ടന്റുകളെ തിരഞ്ഞെടുക്കുക.
പദ്ധതിക്ക് മൂന്ന് ഭാഗങ്ങൾ
ശാക്തീകരണവും സാങ്കേതിക പിന്തുണയും
പശ്ചാത്തല സൗകര്യങ്ങളും അധിക വിഭവങ്ങളും
ഏകോപനവും സൗഹൃദ പുനഃചംക്രമണവും
പദ്ധതി കാലാവധി ആറുവർഷം
ഒന്നും രണ്ടും മേൽനോട്ടം ശുചിത്വ മിഷൻ
മൂന്നിന് നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങൾ