തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനഭീതി നിലനിൽക്കുമ്പോൾ ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ കമ്മിഷനെ ആശങ്ക അറിയിക്കുമോയെന്ന ചോദ്യത്തിന്, സർക്കാർ ആശങ്ക അറിയിക്കുന്നത് ശരിയായ നടപടിയായി വരില്ലെന്നായിരുന്നു മറുപടി.
രോഗം മാത്രമല്ല, മറ്റ് ചില പ്രശ്നങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. ഇതൊരു നാലോ അഞ്ചോ മാസത്തേക്ക് മാത്രമായുള്ള തിരഞ്ഞെടുപ്പാണ്. നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ മാർച്ച് കഴിയുമ്പോൾ തിരഞ്ഞെടുപ്പിലേക്ക് സ്വാഭാവികമായും പോകും. ഏപ്രിലിൽ പുതിയ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വരും. എല്ലാം പരിശോധിച്ചിട്ടാണല്ലോ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിലെത്തുക. അന്തിമതീരുമാനം വരട്ടെ. അതിനനുസരിച്ച് തീരുമാനങ്ങളെടുക്കും. തദ്ദേശഭരണ തിരഞ്ഞെടുപ്പ് അഞ്ച് വർഷക്കാലത്തേക്കാണ്. കാലാവധി നവംബറിൽ അവസാനിക്കും. അതിന്റെ കാര്യങ്ങൾ കമ്മിഷൻ പരിശോധിച്ചുവരികയാണ്. യുക്തമായ നടപടി ഇക്കാര്യത്തിലുണ്ടാകും.