തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ ആശ്വസിക്കാനാകാതെ തലസ്ഥാനം. ഒരാഴ്ചയിലധികമായി കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും രോഗികളുടെ എണ്ണം ഇന്നലെ വീണ്ടും 500 കടന്നു. ഇന്നലെ 590 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ തീരപ്രദേശത്തായിരുന്നു കൂടുതൽ രോഗികളെങ്കിൽ ഇപ്പോൾ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും രോഗം വ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളുള്ളതും ജില്ലയിലാണ്. നിലവിൽ 5044 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ തിരക്ക് വർദ്ധിച്ചതും ആശങ്കയാകുന്നു. ഇനിയുള്ള രണ്ടാഴ്ചക്കാലം രോഗവ്യാപനത്തിൽ നിർണായകമാണെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ 561 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ ഉറവിടം കണ്ടെത്താനായില്ല. രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 10 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.13 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം 512 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലയിൽ നാല് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗസ്റ്റ് 28ന് മരിച്ച കിളിമാനൂർ സ്വദേശി വിജയകുമാർ (61), ആഗസ്റ്റ് 30ന് മരിച്ച പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ആഗസ്റ്റ് 31ന് മരിച്ച വെള്ളായണി സ്വദേശി മണിയൻ നാടാർ (70), സെപ്തംബർ ഒന്നിന് മരിച്ച വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരമന, വർക്കല, പേരൂർക്കട, മണക്കാട്, ഇടവ, തിരുവല്ലം, പാച്ചല്ലൂർ, മാരായമുട്ടം, നെല്ലിമൂട്, ഉച്ചക്കട എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. പൂജപ്പുര സെൻട്രൽ ജയിലിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. കരമന, മണക്കാട്, പേരൂർക്കട എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. രാജാജി നഗറിൽ ഇന്നലെ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.
നിരീക്ഷണത്തിലുള്ളവർ - 21,574
വീടുകളിൽ - 17,413
ആശുപത്രികളിൽ - 3,537
കൊവിഡ് കെയർ സെന്ററുകളിൽ - 624
പുതുതായി നിരീക്ഷണത്തിലായവർ - 1,200