തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സർക്കാരുദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ വിവരങ്ങൾ ചോർത്തി നൽകാനാവശ്യപ്പെട്ടുവെന്ന ആരോപണം ജനാധിപത്യപ്രക്രിയയിലെ ഗുരുതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാരുദ്യോഗസ്ഥരോട് നിങ്ങൾ സർക്കാരിനെ വഞ്ചിക്കണം, വിശ്വാസവഞ്ചന നടത്തണം എന്നാണ് പറയുന്നത്. സർക്കാരുദ്യോഗസ്ഥരെ സർക്കാർ ഏല്പിച്ച ഭദ്രമായ കാര്യങ്ങളുണ്ടാകും. ഏത് ഉദ്യോഗസ്ഥനായാലും അയാളിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങളും രഹസ്യങ്ങളും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അവരോടാണ് അത് നിങ്ങൾ പാലിക്കേണ്ടതില്ല, നിങ്ങളെല്ലാം ചോർത്തിക്കോളൂ, വിവരങ്ങൾ ഞങ്ങൾക്ക് കൈമാറണം എന്നൊക്കെ പറയുന്നത്. ഇത് വലിയ കലാപാഹ്വാനമാണ്. ഉത്തരവാദപ്പെട്ട, ജനാധിപത്യസംവിധാനത്തിൽ പ്രധാന സ്ഥാനങ്ങളൊക്കെ വഹിച്ച വ്യക്തിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണത്. നിർഭാഗ്യകരമെന്നേ പറയാനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.