തിരുവനന്തപുരം:ശാസ്താംപാറയിൽ നടപ്പിലാക്കി വരുന്ന ടൂറിസം പദ്ധതി നവംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 98 ലക്ഷം രൂപയുടെ പദ്ധതിയാണ് പദ്ധതി ചെലവ്.2019 ൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും കൊവിഡ് മൂലം തടസം നേരിട്ടു.75 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.നവംബറിൽ തന്നെ നിർമാണം പൂർത്തീകരിക്കുമെന്ന് നിർമാണ ഏജൻസിയായ കെ.ഇ.എൽ അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശാസ്താംപാറയിലെ അഡ്വെഞ്ചർ ടൂറിസം സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി ഒരു അഡ്വെഞ്ചർ ടൂറിസം അക്കാഡമി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അക്കാഡമി സ്ഥാപിക്കുന്നതിനാവശ്യമായ 12 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് ടൂറിസം വകുപ്പ് അംഗീകാരം നൽകുകയും സ്ഥലത്തിന്റെ സോഷ്യൽ ഓഡിറ്റ് നടത്തി തുടർ നടപടികൾക്കായി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വർഷം തന്നെ നടപടികൾ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുത്ത് അക്കാഡമി സ്ഥാപിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.