തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളം പുലർത്തിയ ജാഗ്രതയും പ്രവർത്തനങ്ങളും മനസിലാക്കാൻ കഴിയുന്നത് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ കാലയളവിനുള്ളിൽ പത്തുലക്ഷം ജനങ്ങളിൽ എത്ര പേർക്ക് രോഗബാധ ഉണ്ടായി എന്നു നോക്കിയാൽ കേരളത്തിൽ 2168 ആണ്. ആന്ധ്രാപ്രദേശിൽ 8479. തമിഴ്നാട്ടിലും കർണാടകയിലും 5000ത്തിനും മുകളിലാണ്. ഇന്ത്യൻ ശരാശരി 2731 ആണ്. ജനസാന്ദ്രതയിൽ ഈ സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് നമ്മൾ.
രോഗബാധിതരായ 100 പേരിൽ എത്ര പേർ മരിച്ചു എന്ന കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 0.4 ആണ്. തമിഴ്നാട്ടിലും കർണാടകയിലും 1.7, ആന്ധ്രയിൽ 0.9. 100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര എണ്ണം പോസിറ്റീവാകുന്നു എന്നു നോക്കിയാലും നമ്മൾ മികച്ച നിലയിലാണ്. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്നാട്ടിൽ 8.9. തെലങ്കാനയിൽ 9.2, കർണാടകയിലും ആന്ധ്രയിലും 11.8.
ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കേരളം അയൽ സംസ്ഥാനങ്ങളെക്കാൾ വളരെ ഭേദപ്പെട്ട നിലയിലാണ്. ഈ ഒന്നാം തീയതിയിലെ നിലയെടുത്താൽ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കർണാടകത്തിൽ 91,018. ആന്ധ്രയിൽ 1,01,210. തമിഴ്നാട്ടിൽ 52,379 തെലങ്കാനയിൽ 32,341.