തിരുവനന്തപുരം: ഏത് ഉപതിരഞ്ഞെടുപ്പുകളും സാധാരണഗതിയിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിലയിരുത്തൽ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ ആശ്ചര്യമൊന്നുമില്ല. അതങ്ങനെ തന്നെയാണ് കണക്കാക്കേണ്ടതെന്നും വാർത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പ് നടത്താൻ
കമ്മിഷന് ചെലവ് 14 കോടി
എസ്. പ്രേംലാൽ
തിരുവനന്തപുരം:മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ നാലു മാസത്തേക്ക് മാത്രമായി രണ്ട് എം.എൽ.എമാരെ തിരഞ്ഞെടുക്കാൻ ചവറയിലും കുട്ടനാടും തിരഞ്ഞെടുപ്പ് കമ്മിഷന് ചെലവാകുന്നത് 14 കോടി രൂപ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കൂടൂതൽ പോളിംഗ് ബൂത്തുകളും ഉദ്യോഗസ്ഥരുമടക്കം സംവിധാനങ്ങൾ കൂടുതൽ വേണ്ടിവരുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. ഒരു മണ്ഡലത്തിൽ അഞ്ച് കോടിയാണ് സാധാരണഗതിയിൽ വേണ്ടിവരുന്നത്. കൊവിഡ്ക്കാലമായിനാൽ അത് 7 കോടിയാവും.
പോളിംഗ് ബൂത്തുകൾ അണുവിമുക്തമാക്കുന്നത് മുതൽ സാനിറ്റൈസർ വരെ ഓരോ ബൂത്തിലും ഒരുക്കേണ്ടിവരും. സാമൂഹിക അകലം ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കണം. പോളിംഗ് ബൂത്തിലെത്തുന്ന എല്ലാ വോട്ടർമാർക്കും സാനിറ്റൈസർ നൽകണം. കൈകഴുകിയശേഷമേ ബൂത്തിലേക്ക് കടത്തിവിടുകയുള്ളൂ. വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിനാൽ മെഷീൻ കൂടെക്കൂടെ അണുവിമുക്തമാക്കണം. വോട്ടർമാർ ഒപ്പിടാൻ ഒരു പേന ഉപയോഗിക്കുന്നത് മറ്റൊരു പ്രശ്നമാകും. പേന ഉപയോഗവും വോട്ടർമാരുടെ വിരലിൽ മഷി പുരട്ടലും എങ്ങനെ വേണമെന്ന് തീരുമാനമെടുക്കണം.
മുന്നണികൾക്കും
സാമ്പത്തിക ബാധ്യത
സ്ഥാനാർത്ഥികളെ നിറുത്തുന്ന രണ്ടു മുന്നണികൾക്കും അധിക സാമ്പത്തിക ബാധ്യതയും വരുത്തും. സാധാരണ 28 ലക്ഷമാണ് ഓരോ സ്ഥാനാർത്ഥിക്കും പരമാവധി ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന തുക. പൊതുതിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയിൽ പരമാവധി ശക്തിയോടെ രംഗത്ത് ഇറങ്ങേണ്ടിവരും. പണം കൂടുതൽ മുടക്കുമെന്ന് സാരം. നാലു മാസം കഴിയുമ്പോൾ വീണ്ടും പണം കണ്ടെത്തേണ്ട അവസ്ഥയിലായി രാഷ്ട്രീയ പാർട്ടികൾ.