തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്കും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനും ഫ്ലാറ്റുകളുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സമുച്ചയത്തിൽ എൻ.ഐ.എ ഇന്നലെ പരിശോധന നടത്തി. മൂന്നാംവട്ടമാണ് ഇവിടെ പരിശോധിക്കുന്നത്.
ശിവശങ്കർ ഇവിടെ വച്ച് പാർട്ടി നടത്തിയതായി സ്വപ്ന എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികൾ ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണ് ഇന്നലത്തെ പരിശോധന. സുരക്ഷാജീവനക്കാരിൽ നിന്നും കെയർടേക്കറിൽ നിന്നും വിവരം ശേഖരിച്ചു. ചില സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും സൂചനയുണ്ട്. പരിശോധന ഒരുമണിക്കൂർ നീണ്ടു.
സ്വർണക്കടത്തിന്റെ ഗൂഢാലോചന നടത്തിയത് ഈ ഫ്ലാറ്രിലാണെന്ന് നേരത്തേ എൻ.ഐ.എ കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മുഖ്യന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനാണ് സ്വപ്നയ്ക്ക് ഫ്ലാറ്റിനായി ശുപാർശ ചെയ്തത്. സ്ഥലംമാറിയെത്തുന്ന സുഹൃത്തിനും കുടുംബത്തിനുമായി അവരുടെ ഫ്ലാറ്റ് ഫർണിഷിംഗ് തീരും വരെ ആറു ദിവസത്തേക്ക് വാടക ഫ്ലാറ്റ് ഏർപ്പാടാക്കാൻ നിർദ്ദേശിച്ചെന്ന് അരുൺ എൻ.ഐ.എയ്ക്ക് മൊഴിനൽകിയിരുന്നു. ശിവശങ്കറിന്റെ വാട്സ്ആപ് സന്ദേശങ്ങളും അരുൺ ഹാജരാക്കി. ജൂലായ് 5ന് ഒളിവിൽ പോകുംവരെ സ്വപ്ന ഈ ഫ്ലാറ്റിലുണ്ടായിരുന്നു.
സ്വപ്ന ഫ്ലാറ്റിൽ താമസിക്കാനെത്തിയപ്പോൾ നൽകിയ തിരിച്ചറിയൽ കാർഡ് ഭർത്താവ് ജയശങ്കറിന്റേതാണ്. പ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവർ അവിടെ വന്നുപോയെന്നാണ് വിവരം. രാത്രി നിരവധിയാളുകൾ വന്നിരുന്നെന്നും എല്ലാവരെയും തിരിച്ചറിയാനായില്ലെന്നുമാണ് കെയർടേക്കറുടെ മൊഴി.