കഠിനംകുളം: സബ് ഇൻസ്പെക്ടർ ആർ.രതിഷ്‌കുമാറിനെ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതികൾ പിടിയിലായി. പെരുമാതുറ, കൊട്ടാരം തുരുത്ത്, പുത്തൻ വീട്ടിൽ മുഹമ്മദ് അർഷാദ് (30), കഠിനംകുളം, മുണ്ടൻചിറ, മണക്കാട്ടു വിളാകം വയലരികത്തു വീട്ടിൽ ബിലാൽ (39) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് KL-16/R 9740 എന്ന നമ്പരിലുള്ള യമഹ ആൽഫാ സ്കൂട്ടറും പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് 7 മണിയോടെചാന്നാങ്കര പാലത്തിനു സമീപം വാഹന പരിശോധനയ്ക്കിടയിൽ ബൈക്കിലെത്തിയ രണ്ടു പേരും പൊലീസിനെ വെട്ടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ, എസ്.ഐ രതീഷ് കുമാറിനെ ഇടിച്ച് വീഴ്ത്തി കടന്നു കളയുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് എസ്. ഐക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രതീഷ് കുമാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.