2

ശ്രീകാര്യം: നിയന്ത്രണം തെറ്റിയ റോഡ് റോളർ കടയിലും വീട്ടിലേക്കും ഇടിച്ചുകയറിയതിനെ തുടർന്ന് ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. തയ്യൽ തൊഴിലാളിയായ ഇടത്തറ സ്വദേശി തങ്കമണിക്കാണ് (55) പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.20ന് ചെമ്പഴന്തി അണിയൂർ ജംഗ്‌ഷനിലായിരുന്നു അപകടം. ജംഗ്‌ഷനിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ശിവരാധം എന്ന വീട്ടിലാണ് റോഡ് റോളർ ഇടിച്ചുനിന്നത്. വീടിനോട് ചേർന്ന് ഷട്ടറിട്ട തയ്യൽക്കടയിൽ ജോലിചെയ്യുകയായിരുന്നു തങ്കമണി. ചെമ്പഴന്തിയിൽ നിന്ന് അണിയൂരിലേക്ക് റോഡിലെ ഇറക്കത്തിലൂടെ വന്ന റോഡ് റോളർ നിയന്ത്രണംതെറ്റി ഇടതുവശത്തെ ഒരു ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചുതകർത്ത ശേഷം അതിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ഒരു കാറിന്റെ പിറകുവശവും തകർത്തു. റോഡിന്റെ വലതുഭാഗത്തുള്ള ശിവൻനായരുടെ വീടിന്റെ ഗേറ്റും വശത്തെ മതിലും തകർത്ത ശേഷം അനിൽകുമാറിന്റെ കടയും വീടും ചേർന്ന കെട്ടിടം തകർത്താണ് റോഡ് റോളർ നിന്നത്. ഒരു വർഷം മുമ്പ് അനിൽകുമാർ വാങ്ങിയ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുമ്പോഴായിരുന്നു അപകടം. കഴക്കൂട്ടത്തെ നടരാജ ട്രാൻസ്‌പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡ് റോളർ മറ്റൊരു കോൺട്രാക്ടർ വാടകയ്ക്ക് എടുത്തിരുന്നു. റോഡ് റോളർ ഓടിച്ച് വേണ്ടത്ര പരിചയമില്ലാത്ത ഇയാളുടെ 21 വയസുള്ള മകനാണ് വാഹനം ഓടിച്ചിരുന്നത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.