തിരുവനന്തപുരം: കെ.പി.സി.സി അംഗവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ ലീനയുടെ മുട്ടത്തറയിലെ വീട് ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇവരുടെ മകനെ പൊലീസ് അറസ്​റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഗൂഢാലോചനയിൽ ഉന്നത നേതാക്കൾ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോയെന്നാണു പ്രധാനമായി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു ലീനയുടെ ഫോൺ രേഖകൾ പരിശോധിക്കും. ഗൂഢാലോചന അന്വേഷിക്കാൻ പൂന്തുറ സ്​റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് ആക്രമണ ശ്രമം നടന്നതെന്നാണു പൊലീസ് പറഞ്ഞത്. ചില സി.പി.എം പ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമായിരുന്നു ആസൂത്രിത ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മകനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നു ലീന പറയുന്നു.