തിരുവനന്തപുരം: നിരവധി മലയാള സിനിമകളുടെ നിർമ്മാതാവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ തങ്കച്ചൻ (61) നിര്യാതനായി. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രശസ്ത മേക്കപ്പ് മാനായിരുന്ന എം.ഒ.ദേവസ്യയുടെ മകനും മമ്മൂട്ടിയുടെ പേഴ്സണൽ മാനേജരും നിർമ്മാതാവുമായ ജോർജ്ജിന്റെ സഹോദരനുമാണ്.
ചെന്നൈ സാലിഗ്രാമിലെ വസതിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്ന അന്ത്യം. വീട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിടത്തെ പള്ളിയിൽ സംസ്കാരം നടന്നു.
സിനിമാ നിർമ്മാണ രംഗത്തെ പ്ളാനിംഗിൽ തങ്കച്ചൻ മികവ് പുലർത്തിയിരുന്നു. പുലിമുരുകൻ, പോക്കിരി രാജ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഗാന്ധാരി, പ്രിയപ്പെട്ട കുക്കു ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു. നേരത്തെ വൃക്ക സംബന്ധമായ രോഗം വന്നപ്പോൾ ഭാര്യ ലിസിയുടെ വൃക്കയാണ് സ്വീകരിച്ചത്. മക്കൾ അക്ഷയ്, അക്ഷര.