പാറശാല: കൊവിഡ് വ്യാപനത്തെ തുടർന്ന് തേനീച്ച കർഷകർ പ്രതിസന്ധിയിലായി. കേരളത്തിലെ തേനീച്ച വളർത്തൽ റബർ തോട്ടങ്ങളെ ആശ്രയിച്ചായതിനാൽ പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള കൂടുകൾക്ക് പുറമേ മറ്റ് ജില്ലകളിലും കൂട് സ്ഥാപിച്ച് കൃഷി നടത്തുകയാണ് പതിവ്. ഇത്തരത്തിൽ തൃശൂർ വരെയുള്ള ജില്ലയിൽ എത്തി കൂടുകൾ സ്ഥാപിച്ചിട്ടുള്ള നിരവധി തേനീച്ച കർഷകരാണ് ജില്ലയിലുള്ളത്. എന്നാൽ കൊവിഡ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വായ്പ എടുത്തതും മറ്റുമായി പതിനായിരക്കണക്കിന് രൂപ മുടക്കിയിട്ടുള്ള തേനീച്ച കർഷകരും ഇവിടെയുണ്ട്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം തേനെടുക്കൽ മാത്രമല്ല കൂടുകൾ പരിചരിക്കാനും ഇവർക്ക് കഴിയുന്നില്ല. വർഷത്തിൽ ഒരു തവണയെന്ന കണക്കിൽ ജനുവരി മുതൽ നടക്കുന്ന തേൻ ശേഖരണത്തെ ആശ്രയിച്ച് മാത്രം കുടുംബം പുലർത്തുന്ന കർഷകരും ഏറെയാണ്. എന്നാൽ തേൻ ശേഖരണം നടക്കാത്തതിനാൽ പല കർഷകർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തേനീച്ച കർഷകരുടെ കുടുംബങ്ങളെ രക്ഷിക്കുന്നതിനും തേനീച്ച വ്യവസായത്തെ സംരക്ഷിക്കുന്നതിനുമായി പ്രത്യേക സാമ്പത്തിക
പാക്കേജുകൾ വേണമെന്നാണ് കർഷകരുടെ ആവശ്യം.