തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ നടത്തിയ പൊലീസ് റെയ്ഡിൽ രണ്ടുപേർ പിടിയിലായി.നേമത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ജിനേഷ് മോഹൻ, കേശവദാസപുരം മോസ്കോ ലെയിനിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തിൽ മൂന്നാം പ്രതി ചെമ്പഴന്തി സ്വദേശി ടാപ്പ് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു വിജയൻ എന്നിവരാണ് പിടിയിലായത്. ജിനേഷ് മോഹനെ നേമം എസ്.എച്ച്. ഒയുടെ നേതൃത്വത്തിലും വിഷ്ണുവിനെ മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലുമാണ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി.ഗോപിനാഥ്,സബ് ഡിവിഷണൽ അസിസ്റ്റന്റ് കമ്മിഷണർമാർ,എസ്.എച്ച്.ഒമാർ,സബ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.