പാരിപ്പള്ളി: പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസിലെ മൂന്ന് പ്രതികളിൽ രണ്ട് പേർ കൂടി പിടിയിലായി. പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ മനു എന്ന കണ്ണൻ(28), ചരുവിള പുത്തൻവീട്ടിൽ സംഗീത് (20) എന്നിവരാണ് ഇന്നലെ രാത്രിയിൽ പിടിയിലായത്. മറ്റൊരു പ്രതിയായ പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ കുട്ടൻ എന്ന ജിത്തു (20) നേരത്തെ പിടിയിലായിരുന്നു.
വേളമാനൂർ പുലിക്കുഴിയിൽ അമ്മൂമ്മക്കുളത്തിന് സമീപമുള്ള വീട്ടിൽ പ്രതികൾ ഒളിവിൽ കഴിയുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി എസ്.എച്ച്.ഒ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, ജയിംസ്, എ.എസ്.ഐമാരായ രമേഷ്, അഖിലേഷ്, സി.പി.ഒമാരായ അജു ഫെർണാണ്ടസ്, സന്തോഷ്, ജയിൻ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വീടുവളഞ്ഞ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്.
ഉത്രാട ദിവസം രാത്രി 11ഓടെ പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ നിന്ന് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ച് ഇവർ കടന്നത്. പതിനാല് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിൽ പ്രതികളാണ് മൂവരും. പ്രതികളുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ അനൂപിന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റതിനൊപ്പം കൈകളും ഒടിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് നടന്ന വീടാക്രമണം ഉൾപ്പെടെ പത്തിലേറെ കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.