നെയ്യാറ്റിൻകര: ആലുമ്മൂട് ജംഗ്ഷനിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല വിതരണം നിലച്ചു. കഴിഞ്ഞ ഒന്നരമാസക്കാലമായി ഈ പ്രദേശത്തുള്ള വീടുകളിലെ ശുദ്ധജല വിതരണമാണ് നിലച്ചത്. നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെത്തി പല തവണ പരിശോധിച്ചിട്ടും ജല വിതരണം നിലച്ചത് എങ്ങിനെയാണെന്ന് കണ്ടെത്താനായിട്ടില്ല. ജലവിതരണ ലൈനിലെ പ്രഷർ കുറഞ്ഞതാണ് ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിതരണം തടസപ്പെടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. അതേ സമയം പൈപ്പ് ജലത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്. ടെറസ് വീടുകളുടെ രണ്ടാം നിലയിൽ താമസിക്കുന്നവാരാണ് അധികവും ദുരിതത്തിലായത്. ഇവർക്ക് താഴെ നിലകളിലുള്ള വെള്ളം കുടങ്ങളിൽ നിറച്ച് ചുമന്നാണ് മുകൾ നിലകളിൽ എത്തിക്കുന്നത്.
വാട്ടർ അതോറിട്ടി ഓഫീസിലെത്തി പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അനങ്ങുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഈഴക്കുളം ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടിയാലും പ്രഷർ കുറയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും അത് കണ്ടെത്തി നന്നാക്കാനുള്ള നടപടിയില്ല.