കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ നീറുവിളയിൽ നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ബി.സത്യൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.28 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഇനി ടൈലിംഗ്, ഫ്ലോറിംഗ്, ഇലക്ട്രിക് വർക്സ് തുടങ്ങി ചെറിയ ജോലികൾ മാത്രമേ പൂർത്തിയാക്കാനുള്ളു.നീറുവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനങ്ങൾ, നവകേരളം, ജസ്റ്റേഴ്സ് എന്നീ സ്‌പോർട്സ് ക്ലബുകൾ തുടങ്ങിയവയുടെ അഭ്യർഥന പ്രകാരമാണ് സ്റ്റേഡിയം നർമിക്കാൻ ഫണ്ട് അനുവദിച്ചത്. ആധുനിക രീതിയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ വോളീബാൾ,ഷട്ടിൽ,നെറ്റ്ബാൾ,കബഡി, കരാട്ടെ തുടങ്ങിയ ഇനങ്ങളിൽ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കാനാകും. സ്റ്റേഡിയത്തിലേക്ക് പോകുന്ന റോഡും പ്രത്യേക ഫണ്ടുപയോഗിച്ച് നവീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ,വർക്കല ബ്ലോക്ക് എ.ഇ,ജില്ലാ പഞ്ചായത്തഗം അഡ്വ.എസ് ഷാജഹാൻ,പഞ്ചായത്ത് പ്രസിഡന്റ് കെ.സുഭാഷ്,വാർഡ് മെമ്പർ ഡെയ്സി,ഒറ്റൂർ ബാങ്ക് പ്രസിഡന്റ് എ.നഹാസ്,വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.സുധീർ,നിർമ്മാണ മേൽനോട്ടം വഹിക്കുന്ന നീറുവിള നവകേരളം ക്ലബ് ഭാരവാഹി രതീഷ്,കെ.ബി.കുറുപ്പ്,സി.പി.എം മണമ്പൂർ എൽ.സി സെക്രട്ടറി മുഹമ്മദ് റിയാസ്,ലാലു എന്നിവർ പങ്കെടുത്തു.